ബുറാരി കൂട്ടആത്മഹത്യ: ആൾദൈവം ഗീത മായെ ചോദ്യം ചെയ്തു
text_fieldsന്യൂഡൽഹി: വടക്കൻ ഡൽഹിയിലെ ബുറാരിയിൽ ഒരു കുടുംബത്തിലെ 11 പേർ കൂട്ട ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്വയം പ്രഖ്യാപിത ആൾദൈവത്തെ ഡൽഹി പൊലീസ് ചോദ്യം ചെയ്തു. മരണം നടന്ന ഭാട്ടിയ കുടുംബത്തിെൻറ വീടു നിർമ്മിച്ച കരാറുകാരെൻറ മകളും ആൾദൈവവുമായ ഗീത മായെയാണ് പൊലീസ് ചോദ്യം ചെയ്തത്.
ഭാട്ടിയ കുടുംബം തന്നെ കാണാൻ എത്തിയിരുന്നെന്നും താനാണ് അവരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നും ഗീത മാ കുറ്റസമ്മതം നടത്തുന്ന ദൃശ്യങ്ങൾ ഒരു മാധ്യമ സ്ഥാപനംപുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് അവരെ ചോദ്യം ചെയ്തത്. എന്നാൽ ആത്മഹത്യയുമായി ഗീത മായെ ബന്ധപ്പെടുത്തുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
അതേ സമയം, ആത്മഹത്യ നടന്ന വീടിെൻറ ചുവരിൽ പുറത്തേക്കു തള്ളി നിൽക്കുന്ന രീതിയിൽ 11 പൈപ്പുകളും പ്രധാന കവാടത്തിലെ വാതിലിൽ 11 ദണ്ഡുകളും സ്ഥാപിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽഏഴ് പൈപ്പുകൾ താഴേക്ക് വളഞ്ഞ നിലയിലും മറ്റു നാലെണ്ണം നേരെയുമായിരുന്നു സ്ഥാപിച്ചത്. മരിച്ചവരിൽ ഏഴുപേർ സ്ത്രീകളും നാല് പേർ പുരുഷൻമാരുമായിരുന്നു. പൈപ്പ് സ്ഥാപിച്ചതിന് 11 പേരുടെ ‘ആചാര ആത്മഹത്യയുമായി’ ബന്ധമുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

എന്നാൽ പൈപ്പുകളും ദണ്ഡുകളും സ്ഥാപിച്ചതിലെ സംശയം നിർമാണ കരാറുകാരനും വെൽഡറും തള്ളി. വായു സഞ്ചാരത്തിനും വെളിച്ചമെത്തുന്നതിനുമായി ചുവരിൽ പൈപ്പ് സ്ഥാപിക്കണമെന്ന് കുടുംബാംഗം ലളിത് ചുണ്ടാവ നിർദേശിച്ചിരുന്നു. എന്നാൽ എത്ര പൈപ്പുകൾ സ്ഥാപിക്കണമെന്ന് പറഞ്ഞിരുന്നില്ല. ഇതനുസരിച്ച് പൈപ്പ് സ്ഥാപിക്കാൻ ജോലിക്കാർക്ക് നിർദ്ദേശം നൽകി. മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് സ്ഥാപിച്ചത് 11 പൈപ്പുകളാണെന്ന കാര്യം ശ്രദ്ധയിൽപെട്ടത്.
ആത്മഹത്യക്ക് ഒരുങ്ങുന്നതിനായി അർധരാത്രി കുടുംബാംഗങ്ങൾ സ്റ്റൂളുകൾ കൊണ്ടു വരുന്നതിെൻറ സി.സി.ടി.വി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പൊലീസിനു ലഭിച്ചിരുന്നു. വീടിനു മുമ്പിൽ സ്ഥാപിച്ച സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യങ്ങളായിരുന്നു ഇത്. സംഭവത്തിൽ ബാഹ്യ ഇടപെടൽ ഇല്ലെന്ന നിഗമനത്തിലായിരുന്നു പൊലീസ്. ഇതിനിടക്കാണ് ഗീത മായിലേക്ക് സംശയം നീങ്ങുന്നത്.

കൂട്ട മോക്ഷപ്രാപ്തിക്കായി ആചാരത്തിെൻറ ഭാഗമായാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് മനസ്സിലാക്കുന്നത്. ഇൗ സംശയത്തിന് ബലം പകരുന്ന വിധം നാരായൺ ദേവിയുടെ മകൻ ലളിത് ചുണ്ടാവ എഴുതിയതായി കരുതുന്ന കുറിപ്പുകൾ വീട്ടിൽ നിന്ന് കണ്ടെടുത്തിരുന്നു. മരണം തങ്ങള്‍ക്ക് മോക്ഷം നല്‍കുമെന്നാണ് കുറിപ്പുകളിലുള്ളത്. ആചാരത്തിനു ശേഷം അതിശക്തരായി തിരിച്ചു വരാൻ സാധിക്കുമെന്നായിരുന്നു ലളിത് മറ്റുള്ളവരെ വിശ്വസിപ്പിച്ചത്. 11 പേരിൽ പത്തുപേരും തൂങ്ങിയ നിലയിലും ഒരാളെ മറ്റൊരു മുറിയിൽ കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ട നിലയിലുമായിരുന്നു കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
