'തെറ്റ് എന്‍റേതല്ല, മാറേണ്ടത് ഞാനല്ല'; ഓഫീസിലെ പുകവലിയിൽ പ്രതിഷേധിച്ച് യുവതിയുടെ രാജി
text_fieldsഅമിത ജോലിഭാരത്തിനിടയിലും അല്പം ആശ്വാസം നൽകുന്ന അന്തരീക്ഷമില്ലെങ്കിൽ പിന്നെന്ത് ചെയ്യും. ഈ ചോദ്യത്തിന് ഏറെ പ്രസക്തിയുള്ള വാർത്തയാണ് ബംഗളൂരുവിൽ നിന്ന് വരുന്നത്. തന്റെ ജോലിസ്ഥലത്തെ പുകവലി സഹിക്കാനാകാതെ ജോലി രാജിവെച്ച യുവതിയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറൽ. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഇവരുടെ രാജിക്കത്ത് ഇതിനോടകം ഏറെ ശ്രദ്ധ നേടുകയും ജോലിസ്ഥലങ്ങളിലെ പുകവലിയെക്കുറിച്ച് വിവിധ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തു.
ജാൻഹവി ചാവഡ എന്ന യുവതിയാണ് ഇക്കഴിഞ്ഞ 26-ന് തന്റെ രാജിക്കത്തിന്റെ സ്ക്രീൻഷോട്ട് എക്സിൽ പങ്കുവെച്ചത്. തനിക്ക് സിഗരറ്റിന്റെ ഗന്ധം സഹിക്കാൻ കഴിയില്ലെന്നും കഴിയുന്നത്ര പൊരുത്തപ്പെടാൻ ശ്രമിച്ചെങ്കിലും അതിനായില്ലെന്നും യുവതി കുറിച്ചു. തെറ്റ് തന്റെ ഭാഗത്തല്ലെന്നും മാറേണ്ടത് താനല്ലെന്നും ജാൻഹവി പറയുന്നു. ദശലക്ഷക്കണക്കിന് ആളുകളാണ് ജാൻഹവിയുടെ പോസ്റ്റ് ഇതിനകം കണ്ടത്. ഓഫീസിലെ പാൻട്രി മുറിയിലും ഡൈനിങ് ഏരിയയിലുമാണ് സഹപ്രവർത്തകർ പുകവലിക്കുന്നത്. എങ്കിലും ഓഫീസിലും മറ്റും ഈ ഗന്ധം വ്യാപിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. മാസ്ക് ധരിക്കാൻ ശ്രമിച്ചെങ്കിലും അതുകൊണ്ടും പ്രശ്നത്തിന് പരിഹാരമായില്ലെന്നും ജാൻഹവി വ്യക്തമാക്കി. തനിക്ക് ഇനിയും അതുമായി പൊരുത്തപ്പെട്ടുപോകാൻ കഴിയില്ലെന്ന് അവർ തീരുമാനിക്കുകയായിരുന്നു.
പുക ശ്വസിക്കുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ജാൻഹവി പങ്കുവെച്ച പോസ്റ്റിനൊപ്പം ഉൾപ്പെടുത്തിയിരുന്നു. മൂക്ക്, തൊണ്ട, ശ്വാസനാളം എന്നീ ശരീരഭാഗങ്ങൾക്കും ചിലരിൽ നെഞ്ചിനും അസ്വസ്ഥത ഉണ്ടാക്കുമെന്നും അതിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ യുവതിയെ വിമർശിച്ച് ചിലർ രംഗത്തെത്തി. മാനേജ്മെന്റിൽ വിഷയം പരിഹാരം കാണണമെന്നായിരുന്നു ഇവർ സൂചിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

