ഡൽഹിയിൽ കാർ ൈഡ്രവറും സുഹൃത്തും യാത്രക്കാരിയെ ബലാത്സംഗം ചെയ്തു
text_fieldsന്യൂഡൽഹി: കാർ ഡ്രൈവറും സുഹൃത്തും ചേർന്ന് 19കാരിയായ യാത്രക്കാരിയെ ബലാത്സംഗം ചെയ്തു. ശനിയാഴ്ച രാത്രി ഡൽഹി- ഹരിയാന അതിർത്തിയിലാണ് സംഭവം.
ഗുഡ്ഗാമിലെ മാളിൽ ജോലിക്കാരിയായ യുവതിയാണ് ബലാത്സംഗത്തിനിരയായത്. കിഴക്കൻ ഡൽഹി സ്വദേശിയായ യുവതി രാത്രി 10.30 ഒാടെ ജോലി കഴിഞ്ഞ് ശങ്കർ ചൗക്കിലെത്തി കാർ വിളിക്കുകയായിരുന്നു. 30 രൂപക്ക് ഉത്തം നഗർ മെട്രോസ്റ്റേഷനിൽ ഇറക്കാം എന്ന് ഡ്രൈവർ അറിയിച്ചതിനെ തുടർന്നാണ് യുവതി കാറിൽ കയറിയത്. അവിടെ നിന്ന് കിഴക്കൻ ഡൽഹിയിലേക്ക് മെട്രോ ട്രെയിനിൽ കയറാമെന്നായിരുന്നു യുവതിയുടെ കണക്ക് കൂട്ടൽ.
കാറിൽ ഡ്രൈവറെ കൂടാതെ രണ്ടു പുരുഷൻമാർ കൂടിയുണ്ടായിരുന്നുവെന്ന് യുവതി പൊലീസിന് മൊഴി നൽകി. ഒരാൾ രജോക്രി അതിർത്തിയിൽ ഇറങ്ങി. കാറിൽ ഡ്രൈവറും സുഹൃത്തും മാത്രമായതോടെ യുവതിയെ പീഡിപ്പിക്കാൻ അവർ പദ്ധതിയിടുകയായിരുന്നു.
പരിചയമില്ലാത്ത വഴിയിലേക്ക് കാർ തിരിഞ്ഞപ്പോൾ യുവതി സംശയം പ്രകടിപ്പിച്ചു. അതോടെ മിണ്ടാതിരുന്നില്ലെങ്കിൽ കൊന്നുകളയുമെന്ന് ഇരുവരും ഭീഷണിെപ്പടുത്തിയെന്ന് യുവതി പറയുന്നു. ഭയന്നുപോയ യുവതിയെയും കൊണ്ട് കാർ ഡൽഹി- ഹരിയാന അതിർത്തിയിലെ ഒറ്റപ്പെട്ട സ്ഥലത്തെക്ക് പോവുകയും അവിടെവച്ച് ഡ്രൈവറും സുഹൃത്തും പീഡിപ്പിക്കുകയുമായിരുന്നു.
തന്നെ മെട്രോ സ്റ്റേഷനിൽ ഇറക്കി വിടണമെന്ന യുവതിയുടെ അഭ്യർഥന പ്രകാരം ഇവർ ദ്വാരക മെട്രോസ്റ്റേഷനിൽ ഇറക്കി വിട്ടു. രാത്രി 12.30 ആയതിനാൽ മെട്രോ അടച്ചിരുന്നു. തുടർന്ന് യുവതി സുഹൃത്തുക്കളെ വിളിച്ച് വിവരം പറയുകയായിരുന്നു. സുഹൃത്തുക്കളാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് പട്രോൾ സംഘം എത്തിയാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കാറിെൻറ നമ്പർ ഒാർത്തിരുന്ന യുവതി നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടി.
