പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ താഴെ കിടത്തി കനാലിലേക്ക് ചാടി യുവതി; റുബീനയുടെ ധീരത രക്ഷിച്ചത് യുവാവിന്‍റെ ജീവൻ
text_fieldsഭോപ്പാൽ: മുങ്ങിത്താണ യുവാവിന്‍റെ ജീവൻ രക്ഷിക്കാൻ പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ നിലത്തു കിടത്തി വെള്ളത്തിലേക്ക് എടുത്തുചാടി യുവതി. മധ്യപ്രദേശിലെ ഭോപ്പാലിൽ വ്യാഴാഴ്ചയാണ് സംഭവം.
ഭോപ്പാൽ സ്വദേശിയായ റുബീന കാഞ്ഞാർ എന്ന യുവതി വെള്ളമെടുക്കുന്നതിനായി കുഞ്ഞുമായി കനാലിലേക്ക് പോയതായിരുന്നു. ഇതിനിടെയാണ് യുവാക്കൾ മുങ്ങിതാഴുന്നത് ശ്രദ്ധയിൽ പെട്ടത്. യുവാക്കൾ കനാൽ മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടയായിരുന്നു അപകടം.
ഭോപ്പാലിലെ കധൈയകാല സ്വദേശിയായ രാജു അഹിർവാറും സുഹൃത്ത് ജിതേന്ദ്ര അഹിർവാറുമാണ് അപകടത്തിൽ പെട്ടത്. കീടനാശിനി തളിക്കുന്നതായി വയലിലെത്തിയതായിരുന്നു ഇവർ. മടങ്ങുന്നതിനിടെ ശക്തമായ മഴ പെയ്തു. തിരിച്ച് അവരുടെ ഗ്രാമത്തിലെത്താൻ കനാൽ കടന്ന് പോകണമായിരുന്നു. ശക്തമായ ഒഴുക്കുണ്ടെന്നും കനാൽ കര കവിഞ്ഞ് ഒഴുകുന്നുണ്ടെന്നും മറുകരയിൽ നിന്ന് സുഹൃത്തുക്കൾ മുന്നറിയിപ്പ് നൽകിയിട്ടും ഇരുവരും മുന്നോട്ട് പോകുകയായിരുന്നു.
ഒഴുക്കിൽ കാലിടറിയ യുവാക്കൾ സഹായത്തിനായി കരഞ്ഞത് ശ്രദ്ധയിൽ പെട്ട റുബീന കുഞ്ഞിനെ നിലത്ത് വെച്ച് വെള്ളത്തിലേക്ക് ചാടുകയായിരുന്നു. റുബീനയുടെ ധീരമായ ഇടപെടലിലൂടെ രാജുവിനെ രഷിക്കാൻ സാധിച്ചെങ്കിലും ജിതേന്ദ്രയെ ഒഴുക്കിൽ പെട്ട് കാണാതെയായി. പിന്നീട് ജില്ല ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ വെള്ളിയാഴ്ചയാണ് ജിതേന്ദ്രയുടെ മൃതദേഹം കണ്ടെത്തിയത്.
ദീദീ രക്ഷിക്കണമെന്ന് പറഞ്ഞ് ഇരുവരും എന്നെ നോക്കി അലറി കരഞ്ഞപ്പോൾ മറിച്ചൊന്നും ചിന്തിക്കാൻ സാധിച്ചില്ലെന്നും ഉടനെ കുട്ടിയെ നിലത്ത് വെച്ച് ചാടുകയായിരുന്നെന്നും റുബീന പറഞ്ഞു. രണ്ട് പേരെയും രക്ഷിക്കാൻ സാധിക്കുമെന്ന് ഉറച്ച് വിശ്വസിച്ചെങ്കിലും ജിതേന്ദ്രയെ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് അവർ കൂട്ടിച്ചേർത്തു. റുബീനയുടെ ധീരതക്ക് പൊലീസ് പിന്നീട് പാരിതോഷികം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

