വിമാനത്താവളത്തിലെ ജീവനക്കാരനെ കടിച്ച സംഭവത്തിൽ സ്ത്രീ അറസ്റ്റിൽ
text_fieldsലഖ്നോ: വിമാനത്താവളത്തിലെ ജീവനക്കാരനെ കടിച്ച സംഭവത്തിൽ സ്ത്രീ അറസ്റ്റിൽ. ലഖ്നോ വിമാനത്താവളത്തിൽവെച്ച് ഗ്രൗണ്ട് സ്റ്റാഫിനെ ആക്രമിച്ച സംഭവത്തിലാണ് ഒരാൾ പിടിയിലായത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് ഗ്രൗണ്ട് സ്റ്റാഫിന് നേരെ ആക്രമണമുണ്ടായത്. സരോജിനി നഗർ പൊലീസ് സ്റ്റേഷനിലാണ് ഇവർക്കെതിരെ കേസെടുത്തത്.
വിമാനത്തിൽ കയറിയതിന് ശേഷം സഹയാത്രികനുമായി ഇവർ തർക്കത്തിലേർപ്പെട്ടു. വിമാനത്തിൽ നിന്നും ഇറങ്ങാൻ ജീവനക്കാർ ആവശ്യപ്പെട്ടുവെങ്കിലും അവർ അതിന് തയാറായില്ല. തുടർന്ന് ഗ്രൗണ്ട് സ്റ്റാഫെത്തി യാത്രക്കാരിയെ പുറത്തിറക്കാൻ ശ്രമിക്കുന്നതിനിടെ ഇവർ ജീവനക്കാരനെ കടിക്കുകയായിരുന്നു.
പിന്നീട് സി.ഐ.എസ്.എഫ് എത്തി യാത്രക്കാരിയെ കസ്റ്റഡിയിലെടുത്ത് തുടർനടപടികൾക്കായി പൊലീസിന് കൈമാറി. ഐ.പി.സി 324 പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ആഗ്രയിൽ നിന്നും സഹോദരിയെ കാണുന്നതിന് വേണ്ടിയാണ് ഇവർ ലഖ്നോവിൽ എത്തിയത്. കേസെടുത്തതിന് ശേഷം പിന്നീട് ഇവരെ ജാമ്യത്തിൽ വിടുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

