കുഞ്ഞുങ്ങളുണ്ടാവുക എന്നത് മൗലികാവകാശം; ഭർത്താവിന്റെ ജയിൽ മോചനത്തിനായി ഹൈകോടതിയെ സമീപിച്ച് യുവതി
text_fieldsജബൽപൂർ: കുഞ്ഞുങ്ങളുണ്ടാവുക എന്നത് മൗലികാവകാശമാണെന്ന് ചൂണ്ടിക്കാട്ടി ഭർത്താവിന്റെ ജയിൽ മോചനത്തിനായി മധ്യപ്രദേശ് ഹൈകോടതിയെ സമീപിച്ച് യുവതി. ഹരജി പരിഗണിച്ച കോടതി യുവതി ഗർഭം ധരിക്കാൻ അനുയോജ്യയാണോ എന്ന് പരിശോധിക്കാൻ ജബൽ പൂരിലെ നേതാജി സുഭാഷ് ചന്ദ്ര ബോസ് മെഡിക്കൽ കോളജിലെ ഡോക്ടർമാരെ ചുമതലപ്പെടുത്തി. ക്രിമിനൽ കേസുകളിൽ പെട്ടാണ് യുവതിയുടെ ഭർത്താവ് ജയിലിലായത്. ഗർഭം ധരിക്കാൻ ആഗ്രഹിച്ച യുവതി ഭർത്താവിന് ജയിൽ മോചനം അനുവദിക്കാൻ ഹൈകോടതിയിൽ റിട്ട് ഹരജി നൽകുകയായിരുന്നു.
അതേസമയം, സ്ത്രീയുടെ പ്രായം ആർത്തവ വിരാമഘട്ടത്തിലാണെന്നും, ആർത്തവ വിരാമം സംഭവിച്ചാൽ സ്വാഭാവിക രീതിയിലോ കൃത്രിമ മാർഗങ്ങൾ വഴിയോ ഗർഭം ധരിക്കാനുള്ള സാധ്യത കുറവാണെന്നും സർക്കാർ അഭിഭാഷകൻ സുബോധ് കത്താർ കോടതിയെ അറിയിച്ചു. തുടർന്നാണ് പരാതിക്കാരിയുടെ ശാരീരിക സ്ഥിതി പരിശോധിക്കാൻ കോടതി ഉത്തരവിട്ടത്.
ജസ്റ്റിസ് വിവേക് അഗർവാൾ മാത്രമുള്ള ഏകാംഗബെഞ്ചാണ് ഹരജി പരിഗണിച്ചത്. പരിശോധനക്കായി നവംബർ ഏഴിന് മെഡിക്കൽ കോളജിൽ ഹാജരാകാനും ജഡ്ജി പരാതിക്കാരിയോട് നിർദേശിച്ചു. മൂന്ന് ഗൈനക്കോളജിസ്റ്റുകളും ഒരു സൈക്യാട്രിസ്റ്റും ഒരു എൻഡോക്രൈനോളജിസ്റ്റുമടങ്ങുന്ന സംഘമാണ് ഇവരെ പരിശോധിക്കുക. 15 ദിവസത്തിനകം മെഡിക്കൽ റിപ്പോർട്ട് നൽകണമെന്നാണ് കോടതി ഉത്തരവിട്ടത്. കേസ് നവംബർ 22ന് പരിഗണിക്കും.
Bearing child
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

