Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസമിൽ വീണ്ടും...

അസമിൽ വീണ്ടും നവവധുവിന്റെ ആത്മഹത്യ; മരണം പൊലീസ് നടപടി ഭയന്നെന്ന്

text_fields
bookmark_border
dead body
cancel

ഗുവാഹത്തി: ശൈശവ വിവാഹത്തിന്റെ പേരിൽ ആളുകളെ വ്യാപകമായി പിടികൂടി ജയിലിലടക്കുന്ന അസമിലെ ബി.ജെ.പി സർക്കാറിന്റെ നടപടി ഭയന്ന് ഒരു പെൺകുട്ടി കൂടി ആത്മഹത്യ ചെയ്തു. മൂന്ന് മാസം മുമ്പ് വിവാഹിതയായ സൗത്ത് സൽമാര-മങ്കച്ചാർ ജില്ലയിലെ കമർപാദ സ്വദേശിനിയാണ് ജീവനൊടുക്കിയത്.

യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംസ്ഥാനത്ത് ശൈശവ വിവാഹങ്ങൾക്കെതിരെ അസം സർക്കാർ കൂട്ടനടപടി സ്വീകരിച്ചതിന് ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്. ഈ മാസം ആദ്യം കച്ചാർ ജില്ലയിൽ 17 വയസ്സുകാരി ആത്മഹത്യ ചെയ്തിരുന്നു.

കൂടാതെ, പൊലീസ് നടപടി ഭയന്ന് ആശുപത്രിയിൽ പോകാൻ മടിച്ച ഗർഭിണി പ്രസവത്തിനിടെ മരിച്ച സംഭവവും അസമിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. ഇതിനുപിന്നാലെ മരണവീട്ടിലെത്തിയ പൊലീസ് ഭർത്താവിനെയും പിതാവിനെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അസമിലെ ബോംഗൈഗാവിലാണ് സംഭവം. പൊലീസ് നടപടി ഭയന്നാണ് പ്രസവമടുത്തിട്ടും ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വൈകിയതെന്ന് കുടുംബാംഗം പറഞ്ഞു. “പൊലീസിനെ ഭയന്ന് വീട്ടിൽ വെച്ച് പ്രസവിക്കാൻ നിർബന്ധിച്ചിരുന്നു. ഒടുവിൽ ആരോഗ്യനില വഷളായതിനെ തുടർന്നാണ് പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയത്. പിന്നീട് ഡോക്ടർമാർ അവളെ ബോംഗൈഗാവിലെ സർക്കാർ ആശുപത്രിയിലേക്ക് റഫർ ചെയ്തു” -കുടുംബാംഗം പറഞ്ഞു.

മരിച്ച പെൺകുട്ടിക്ക് വിവാഹസമയത്ത് പ്രായപൂർത്തിയായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കടിഞ്ഞൂൽ പ്രസവത്തിനിടെ ഭാര്യ മരിച്ചതിന്റെ വേദനയിൽനിന്ന് മുക്തമാകുംമുമ്പ് ഭർത്താവിനെയും പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവ് സഹിനൂർ അലി (23), പിതാവ് അയ്നൽ ഹഖ് (48) എന്നിവരാണ് ശൈശവ വിവാഹ നിരോധന നിയമപ്രകാരം അറസ്റ്റിലായത്.

മറ്റൊരുകേസിൽ അറസ്റ്റിലായ ഭർത്താവിനെയും പിതാവിനെയും വിട്ടയച്ചില്ലെങ്കിൽ പൊലീസ് സ്റ്റേഷനുമുന്നിൽ ആത്മഹത്യ ചെയ്യുമെന്ന് ധുബ്രി ജില്ലയിലെ ഗോലക്‌ഗാങ്ക് സ്വദേശിനിയായ 23 കാരി മുന്നറിയിപ്പ് നൽകിയിരുന്നു.

14 വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ വിവാഹം കഴിച്ചവർക്കെതിരെ പോക്‌സോ നിയമപ്രകാരവും 14 നും 18 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ വിവാഹം കഴിച്ചവർക്കെതിരെ ശൈശവ വിവാഹ നിരോധന നിയമം 2006 പ്രകാരവുമാണ് കേസെടുക്കുന്നത്.

കഴിഞ്ഞ ആറ് ദിവസത്തിനിടെ സംസ്ഥാനത്ത് 2,666 പേരെ അറസ്റ്റ് ചെയ്തതായാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അവകാശപ്പെട്ടത്. ‘ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് 4,074 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏകദേശം 8,000 പേരാണ് പ്രതികൾ. ഇതിൽ 4,000 പേരെ മുന്നറിയിപ്പ് നൽകി വിടും. ബാക്കിയുള്ള പ്രതികളെ അറസ്റ്റ് ചെയ്യും. ഇതുവരെ 2,666 പേർ അറസ്റ്റിലായി. ഈ സാമൂഹിക വിപത്തിനെതിരായ മുന്നേറ്റം തുടരും. ഈ കുറ്റകൃത്യത്തിനെതിരായ പോരാട്ടത്തിൽ അസമിലെ ജനങ്ങളുടെ പിന്തുണ തേടുന്നു’ -ഹിമന്ത ബിശ്വ ശർമ്മ ട്വീറ്റിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Assamchild marriage
News Summary - Woman married to a man three months ago in Assam kills self
Next Story