ഇതര മതസ്ഥനെ പ്രണയിച്ച സഹോദരിയെയും മാതാവിനെയും യുവാവ് തടാകത്തിൽ തള്ളിയിട്ട് കൊന്നു
text_fieldsധനുശ്രീ, അനിത, പ്രതി നിധിൻ
ബംഗളൂരു: കർണാടകയിൽ മറ്റൊരു ദുരഭിമാന കൊലപാതകംകൂടി. മൈസൂരു ജില്ലയിൽ ഹുൻസൂർ താലൂക്കിലെ മരൂർ ഗ്രാമത്തിലാണ് യുവാവ് അനുജത്തിയെയും മാതാവിനെയും തടാകത്തിൽ തള്ളിയിട്ടുകൊന്നത്.
ധനുശ്രീ (19), മാതാവ് അനിത (45) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ധനുശ്രീയുടെ സഹോദരൻ നിതിൻ (25) അറസ്റ്റിലായതായി ഹുൻസൂർ റൂറൽ പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ചൊവ്വാഴ്ച വൈകുന്നേരം നിതിൻ മാതാവിനെയും സഹോദരിയെയും കൂട്ടി ബൈക്കിൽ അയൽ ഗ്രാമമായ ഹെമ്മിഗെയിലെ അമ്മാവന്‍റെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയി. വഴിമധ്യേ മരുരു തടാകത്തിന് സമീപം ബൈക്ക് നിർത്തിയ യുവാവ് സഹോദരിയെ തടാകത്തിലേക്ക് തള്ളിയിട്ടു.
ഇതുകണ്ട് മകളെ രക്ഷിക്കാനെത്തിയ മാതാവിനെയും യുവാവ് തടാകത്തിലേക്ക് തള്ളി. കരഞ്ഞുകൊണ്ട് തടാകക്കരയിലിരുന്ന യുവാവ് അൽപം കഴിഞ്ഞ് മാതാവിനെ രക്ഷിക്കാനായി തടാകത്തിലേക്ക് ചാടിയെങ്കിലും വൈകിപ്പോയിരുന്നു. നനഞ്ഞ വസ്ത്രങ്ങളുമായി രാത്രി പത്തോടെ വീട്ടിൽ മടങ്ങിയെത്തിയ യുവാവ് പിതാവ് സതീഷിനോട് സംഭവം വിവരിച്ചു. സംഭവമറിഞ്ഞ് ഞെട്ടിയ സതീഷ് തടാകക്കരയിലെത്തിയെങ്കിലും ഇരുൾ മൂടിയതിനാൽ ഒന്നും കാണാനാവുമായിരുന്നില്ല. ബുധനാഴ്ച രാവിലെ സംഭവസ്ഥലത്തെത്തിയ ഹുൻസൂർ പൊലീസ് അഗ്നിരക്ഷാ സേനയെ വിവരമറിയിച്ച് മൃതദേഹങ്ങൾ പുറത്തെടുക്കുകയായിരുന്നു.
ധനുശ്രീയും മുസ്‌ലിം യുവാവും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇതറിഞ്ഞ സഹോദരൻ ധനുശ്രീയുമായി കലഹിച്ചിരുന്നു. ഏഴ് മാസമായി ഇരുവരും തമ്മിൽ മിണ്ടില്ലായിരുന്നെന്നാണ് പിതാവിന്‍റെ മൊഴി. അടുത്തിടെ ധനുശ്രീ ബുർഖ ധരിച്ചുനിൽക്കുന്ന ഫോട്ടോ സമൂഹമാധ്യമത്തിൽ ഇട്ടിരുന്നു. താൻ പേരുമാറ്റുകയാണെന്നും ധനുശ്രീ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇതു ശ്രദ്ധയിൽപെട്ട നിധിൻ മാതാവിനെ വിവരമറിയിക്കുകയും സഹോദരിയുമായി വഴക്കിടുകയും ചെയ്തു. തുടർന്നാണ് കൊലപാതകം അരങ്ങേറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

