വീൽച്ചെയറിലെത്തിയതിനാൽ റെസ്റ്റോറന്‍റിൽ പ്രവേശനം നിഷേധിക്കപ്പെട്ടതായി യുവതി; ക്ഷമ പറഞ്ഞ് ഉടമ
text_fieldsമറ്റു വിഷമങ്ങൾ എല്ലാം മറന്ന് ഒരുമിച്ചിരുന്ന് സമാധാനത്തോടെ ഭക്ഷണംകഴിക്കാമെന്ന സാധ്യതകളോടെയാണ് റെസ്റ്റോറന്‍റ് സംസ്ക്കാരം നമ്മുടെ നാട്ടിൽ പ്രചാരത്തിലെത്തിയത്. മാറുന്ന കാലത്തിനനുസരിച്ച് അവതരണത്തിലും രീതിയിലും പുതിയ മാറ്റങ്ങൾ കൊണ്ടുവന്ന് കാലത്തിനൊത്ത് തന്നെയാണ് റെസ്റ്റോറന്‍റുകൾ വ്യാപിച്ചുകൊണ്ടിരുന്നത്. എന്നാൽ കൂടുതൽ ആധുനികമാകാനുള്ള തിരക്കിൽ വാണിജ്യബുദ്ധിയോടെ പ്രവർത്തിക്കുന്ന റെസ്റ്റോറന്‍റുകളുടെ മനുഷത്വരഹിത സമീപനങ്ങളെ തുറന്നുകാണിക്കുന്നതാണ് ഗുഡ്ഗാവിൽ വീൽച്ചെയർ ഉപയോഗിക്കുന്ന യുവതിയുടെ അനുഭവം.
ഗുഡ്ഗാവിലെ പ്രസിദ്ധമായ രാസ്‌ത റെസ്റ്റോറന്‍റിൽ വീൽച്ചെയറിലെത്തിയതിനാൽ പ്രവേശനം നിഷേധിക്കപ്പെട്ട അനുഭവം ഇന്നലെ ട്വിറ്ററിലൂടെ യുവതി തുറന്നു പറയുകയുണ്ടായി. മറ്റു കസ്റ്റമേഴ്സിന് യുവതിയുടെ സാന്നിധ്യം ബുദ്ധിമുട്ടുണ്ടാക്കുമെന്ന റെസ്റ്റോറന്‍റ് പ്രവർത്തകരുടെ പ്രതികരണം ചെലുത്തിയ മാനസികാഘതത്തെക്കുറിച്ചാണ് യുവതി ട്വിറ്റ് ചെയ്തത്. ഹൃദയഭേദകമായ യുവതിയുടെ അനുഭവകഥക്ക് വലിയ പ്രചാരമാണ് ട്വിറ്ററിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ബോളിവുഡ് നടിയായ പൂജാഭട്ട് അടക്കം നിരവധി പേർ സംഭവത്തിൽ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.
സുഹൃത്തിന്‍റെയും കുടുംബത്തിന്‍റെയും കൂടെ അത്താഴം കഴിക്കാന്‍ രാത്രി റെസ്റ്റോറന്‍റിൽ എത്തിയതായിരുന്നു യുവതി. കുറെ കാലത്തിന് ശേഷം പുറത്തേക്കിറങ്ങുന്നതിനാൽ ഈ ദിവസം അവിസ്മരണീയമാക്കണമെന്ന് അവൾക്കാഗ്രഹമുണ്ടായിരുന്നു. എന്നാൽ പ്രവേശനകവാടത്തിൽ വെച്ച് തന്നെ യുവതിക്കും കുടുംബത്തിനും അകത്തേക്ക് പ്രവേശിക്കാനാവില്ലെന്ന് റെസ്റ്റോറന്‍റ് പ്രവർത്തകർ പറഞ്ഞു. ഭിന്നശേഷിക്കാരായ ആളുകൾക്ക് വേണ്ട സൗകര്യങ്ങൾ റെസ്റ്റോറന്‍റിൽ ഇല്ലാത്തതു കൊണ്ടാണ് പ്രവേശനം നിഷേധിച്ചതെന്നാണ് ആദ്യം ഇവർ കരുതിയത്. കാര്യങ്ങളെല്ലാം തങ്ങൾ മാനേജ് ചെയ്യതോളാമെന്ന് സഹോദരന്‍ പറഞ്ഞെങ്കിലും യുവതിയെ ചൂണ്ടിക്കൊണ്ട് ഇവരുടെ സാന്നിധ്യം മറ്റു കസ്റ്റമേഴ്സിന് ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് റെസ്റ്റോറന്‍റ് പ്രവർത്തകർ മറുപടി പറഞ്ഞത്. അവരുടെ പ്രതികരണം അങ്ങേയറ്റം വേദനിപ്പിച്ചതായും സ്വയം വെറുപ്പ് തോന്നാന്‍ കാരണമായതായും യുവതി അഭിപ്രായപ്പെട്ടു.
എന്നാൽ യുവതിയെ ആശ്വസിപ്പിക്കാനും പിന്തുണ അറിയിക്കാനും നിരവധിപേർ ട്വീറ്ററിൽ രംഗത്തെത്തിയിട്ടുണ്ട്. ഇതിനോടകം തന്നെ യുവതിയുടെ ട്വീറ്റ് ആയിരത്തിലധികം തവണ റീട്വീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. റെസ്റ്റോറന്‍റിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഗുരുഗ്രാം പൊലീസും ട്വീറ്റിന് മറുപടിയായി അറിയിച്ചിട്ടുണ്ട്. അതേ സമയം തങ്ങളുടെ റെസ്റ്റോറന്‍റിൽ നിന്ന് ഇത്തരം ഒരു അനുഭവം നേരിടേണ്ടി വന്നതിൽ യുവതിയോട് ക്ഷമ ചോദിച്ച് രാസ്‌ത റെസ്റ്റോറന്‍റിന്‍റെ ഉടമയായ ഗൗംതേഷ് സിംഗും ട്വീറ്റിൽ പ്രതികരിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും ആരെങ്കിലും തെറ്റ് ചെയ്തതായി കണ്ടെത്തിയാൽ അവർക്കെതിരെ ഉചിത നടപടി സ്വീകരിക്കുമെന്ന് ഗൗംതേഷ് യുവതിക്ക് ഉറപ്പ് നൽകി.
കഴിഞ്ഞവർഷം സമാനമായി ഡ്രസ്സ്കോഡ് പാലിച്ചില്ലെന്ന പേരിൽ സാരി ധരിച്ചെത്തിയ യുവതിക്ക് ഡൽഹിയിലെ റെസ്റ്റോറന്‍റിൽ പ്രവേശനം നിഷേധിച്ചത് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. എന്നാൽ റെസ്റ്റോറന്‍റിലെ പരിചാരകനെ ആക്രമിച്ചതിനാലാണ് യുവതിക്ക് പ്രവേശനം നിഷേധിച്ചതെന്നും സംഭവത്തിന്‍റെ വീഡിയോ കൈയ്യിലുണ്ടെന്നും റസ്റ്റോറന്റ് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

