Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹിന്ദുഭൂരിപക്ഷ മേഖലയിൽ...

ഹിന്ദുഭൂരിപക്ഷ മേഖലയിൽ പർദയിട്ട സ്ത്രീ ഇറച്ചി വലിച്ചെറിഞ്ഞു; പ്രതിയെ പിടികൂടിയപ്പോൾ ട്വിസ്റ്റ്

text_fields
bookmark_border
ഹിന്ദുഭൂരിപക്ഷ മേഖലയിൽ പർദയിട്ട സ്ത്രീ ഇറച്ചി വലിച്ചെറിഞ്ഞു; പ്രതിയെ പിടികൂടിയപ്പോൾ ട്വിസ്റ്റ്
cancel

മുംബൈ: മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിൽ ബലിപെരുന്നാൾ ദിനത്തിൽ ഉണ്ടായ വിവാദ സംഭവത്തിൽ വഴിത്തിരിവ്. ഹിന്ദുക്കൾ കൂടുതലായി താമസിക്കുന്ന പ്രദേശത്തെ മാലിന്യക്കൂമ്പാരത്തിൽ മാംസം വലിച്ചെറിയുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കണ്ട ബുർഖ ധരിച്ച സ്ത്രീ മുസ്ലീം അല്ലെന്ന് പൊലീസ് കണ്ടെത്തി. 14 ദിവസത്തോളം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് സ്ത്രീയെ തിരിച്ചറിഞ്ഞത്.

ബ്രാഹ്മണ സമുദായാംഗങ്ങൾ കൂടുതലായി താമസിക്കുന്ന പ്രദേശത്തെ മാലിന്യക്കൂമ്പാരത്തിൽനിന്ന് പെരുന്നാൾ ദിവസം ഇറച്ചി കണ്ടെത്തിയത് വൻ കോലാഹലം സൃഷ്ടിച്ചിരുന്നു. പ്രതിഷേധവുമായി പ്രദേശവാസികളിൽ ചിലർ രംഗത്തുവരികയും സംഘർഷാവസ്ഥ സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുകയും ചെയ്തു. തുടർന്ന് മുനിസിപ്പൽ അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തു.

പരാതി ലഭിച്ച ഉടൻ അന്വേഷണം ആരംഭിച്ചതായി കോട്‌വാലി പൊലീസ് സ്റ്റേഷൻ അധികൃതർ അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്, ബുർഖ ധരിച്ച ഒരു സ്ത്രീ മാലിന്യക്കൂമ്പാരത്തിന് സമീപം മാംസം വലിച്ചെറിയുന്ന ദൃശ്യങ്ങൾ കണ്ടെത്തി. തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരുന്ന ഏകദേശം 150 സിസിടിവി കാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിൽ പ്രതിയോടൊപ്പം പ്രത്യക്ഷപ്പെട്ട നിരവധി പേരെ ചോദ്യം ചെയ്ത ശേഷമാണ് സ്ത്രീയെ തിരിച്ചറിഞ്ഞത്.

ചോദ്യം ചെയ്യലിൽ അഹമ്മദ്‌നഗർ താലൂക്കിലെ കമർ ഗ്രാമം സ്വദേശിനിയായ സ്വാതി വിക്രം ഭോസ്ലെയാണ് മാസം വലിച്ചെറിഞ്ഞതെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഭിക്ഷാടനം നടത്തിയാണ് താൻ ജീവിക്കുന്നതെന്ന് അവർ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.

പെരുന്നാൾ ദിനത്തിൽ ബുർഖ ധരിച്ച് മുസ്‍ലിം പ്രദേശങ്ങളിൽ ഭിക്ഷയാചിച്ചിരുന്നുവെന്നാണ് ഇവർ പറയുന്നത്. ഈ സമയത്ത് ആരോ തനിക്ക് മാംസം നൽകിയെന്നും തുടർന്ന് ഇത് ബ്രഹ്മൺ ഗല്ലിയിലെ മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും സ്വാതി പൊലീസിനോട് പറഞ്ഞു.

എന്നാൽ ഈ വിശദീകരണം തൃപ്തികരമല്ലെന്നും സംശയാസ്പദമാണെന്നും ചൂണ്ടിക്കാട്ടി ഉദ്ധവ് താക്കറെ വിഭാഗം ശിവസേന നേതാക്കൾ ഉൾപ്പെടെ രംഗത്തെത്തി. ദാനം കിട്ടിയ മാംസം ബ്രാഹ്മണ മേഖലയിൽ വലിച്ചെറിഞ്ഞതിന് പിന്നിലെ കാരണം അന്വേഷിക്കണമെന്നും പിന്നിൽ മറ്റാരുടെയെങ്കിലും കൈകൾ പ്രവൃത്തിച്ചിരുന്നോ എന്ന് കണ്ടെത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.

ഭിക്ഷാടനത്തിനായി ബുർഖ ധരിക്കേണ്ട സാഹചര്യം എന്തായിരുന്നുവെന്ന് ശിവസേന നേതാവ് കിരൺ കാലെ ചോദിച്ചു. സ്ത്രീയുടെ മൊഴി നിരവധി സംശയങ്ങൾക്ക് ഇടനൽകുന്നതായും അദ്ദേഹം പറഞ്ഞു. ‘ഈദിന് ഭിക്ഷയായി മാംസം വിതരണം ചെയ്യുന്നത് സാധാരണമാണോ? മാംസം വേണ്ടെങ്കിൽ അത് തിരികെ നൽകുകയോ മറ്റെവിടെയെങ്കിലും ഉപേക്ഷിക്കുകയോ ചെയ്യാമായിരുന്നില്ലേ? എന്തുകൊണ്ടാണ് അത് ബ്രഹ്മൺ ഗല്ലിയിലേക്ക് കൊണ്ടുപോയത്?” -അദ്ദേഹം ചോദിച്ചു.

“സമുദായങ്ങൾക്കിടയിൽ വിദ്വേഷവും സംഘർഷവും സൃഷ്ടിക്കാനുള്ള ശ്രമമായിരിക്കാം ഇത്. എല്ലാ കോണുകളും പൊലീസ് അന്വേഷിക്കണം. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെങ്കിൽ അതിന് ഉത്തരവാദികളെ കണ്ടെത്തി പൊതുജനങ്ങൾക്ക് മുന്നിൽ കൊണ്ടുവരണം” -കിരൺ കാലെ ആവശ്യപ്പെട്ടു.

അഹമ്മദ്‌നഗറിൽ മുമ്പും വർഗീയ സംഘർഷത്തിന് പ്രേരിപ്പിക്കുന്ന തരത്തിൽ പ്രകോപനപരമായ നിരവധി സംഭവങ്ങൾ അരങ്ങേറിയിരുന്നു. പെരുന്നാൾ ദിനത്തിൽ പ്രദേശത്ത് മാംസം കണ്ടെത്തിയ സംഭവത്തിൽ പൊലീസിന്റെ സമയോചിത ഇടപെടൽ മൂലമാണ് വൻ സംഘർഷം ഒഴിവായത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും എല്ലാ സാധ്യതകളും വിശദമായി പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IslamophobiaCommunal tensionburqaMeat thrown
News Summary - Woman in Burqa Who Dumped Meat in Ahmednagar Found to Be Non-Muslim
Next Story