റൈഡ് കഴിഞ്ഞിട്ടും പിന്നാലെകൂടി ഡ്രൈവർ; റേപിഡോ ബൈക്ക് ടാക്സിയിൽ യുവതിക്ക് ദുരനുഭവം
text_fieldsബംഗളൂരു: റൈഡ് ഷെയറിങ് ആപ്പായ റേപിഡോയുടെ ബൈക്ക് ടാക്സിയിൽ യാത്ര ചെയ്ത യുവതിക്ക് നേരെ മോശം പെരുമാറ്റവും അതിക്രമവും. സംഭവം വിവാദമായതോടെ ആരോപണവിധേയനായ ഡ്രൈവർ സയ്യിദ് തൗസീഫിനെ റേപിഡോ ആപ്പിൽ നിന്ന് സ്ഥിരമായി പുറത്താക്കി. ബംഗളൂരു പോലീസും സംഭവത്തിൽ ഇടപെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മഴയായിരുന്നതിനാൽ റൈഡ് ക്യാൻസൽ ചെയ്യാൻ ശ്രമിച്ചെങ്കിലും ഡ്രൈവർ തടയുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി യുവതി തനിക്കുണ്ടായ ദുരനുഭവം എക്സ് പ്ലാറ്റ്ഫോമിലൂടെ വെളിപ്പെടുത്തുകയായിരുന്നു. യാത്രയ്ക്കിടെ അനാവശ്യമായി സംസാരിക്കാനും സൗഹൃദം സ്ഥാപിക്കാനും ശ്രമിച്ച ഡ്രൈവർ, ലക്ഷ്യസ്ഥാനത്തെത്തി ഹെൽമറ്റ് തിരികെ വാങ്ങുന്നതിനിടെ കയ്യിൽ ബലമായി പിടിച്ച് മോശമായി പെരുമാറിയെന്ന് യുവതി ആരോപിച്ചു.
തുടർന്ന് പണം നൽകാൻ ക്യൂ.ആർ കോഡ് ചോദിച്ചപ്പോൾ മഴ കാരണം ഫോൺ പ്രവർത്തിക്കുന്നില്ലെന്ന് നുണ പറഞ്ഞ് ഫോൺ നമ്പർ വാങ്ങാൻ ശ്രമിച്ചു. സുരക്ഷ മുൻനിർത്തി താമസസ്ഥലത്തേക്ക് ഉടൻ കയറിപ്പോകാതിരുന്ന യുവതി, ഇയാൾ 15 മിനിറ്റോളം അവിടെത്തന്നെ കാത്തുനിൽക്കുന്നത് കണ്ടതായും വ്യക്തമാക്കി. ഒടുവിൽ സെക്യൂരിറ്റി ജീവനക്കാരൻ രണ്ടുതവണ ആവശ്യപ്പെട്ട ശേഷമാണ് ഡ്രൈവർ സ്ഥലം വിട്ടത്.
സോഷ്യൽ മീഡിയയിൽ കുറിപ്പും റൈഡ് വിവരങ്ങളും പ്രചരിച്ചതോടെ ബംഗളൂരു പോലീസ് യുവതിയോട് വിവരങ്ങൾ തേടുകയും നടപടികൾ ആരംഭിക്കുകയും ചെയ്തു. പിന്നാലെ സംഭവത്തിൽ ഔദ്യോഗികമായി മാപ്പുപറഞ്ഞ റേപിഡോ അധികൃതർ, ആരോപണവിധേയനായ റൈഡറെ പ്ലാറ്റ്ഫോമിൽ നിന്ന് നീക്കിയതായും ഇത്തരം പെരുമാറ്റങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

