ആൺ സൗഹൃദത്തെ എതിർത്ത അമ്മയെ മകളും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി
text_fieldsചെന്നൈ: ആൺകുട്ടികളുമായുള്ള സൗഹൃദത്തെ എതിർത്ത അമ്മയെ സുഹൃത്തുക്കളോടൊപ്പം ചേർന്ന് കൊലപ്പെടുത്തിയ കേസിൽ മകൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. തൂത്തുക്കുടി നഗരസഭയിലെ താൽക്കാലിക ശുചീകരണ തൊഴിലാളിയായ വണ്ണാർ രണ്ടാം തെരുവിൽ മാടസാമിയുടെ ഭാര്യ മുനിയലക്ഷ്മിയാണ്(42) കൊല്ലപ്പെട്ടത്.
കുടുംബ വഴക്കിനെ തുടർന്ന് മുനിയ ലക്ഷ്മി മക്കളോടൊപ്പമാണ് താമസിച്ചിരുന്നത്. 17കാരിയായ മകളും ആൺസുഹൃത്തുക്കളായ മുല്ലക്കാട് രാജീവ് നഗർ സ്വദേശി കണ്ണൻ (20), മുത്തയ്യപുരം ടോപ് സ്ട്രീറ്റിൽ തങ്കകുമാർ (22) എന്നിവരുമാണ് പ്രതികൾ. തങ്കകുമാറുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. ഇരുവരും മൊബൈൽ ഫോണിൽ നിരന്തരം സംസാരിക്കുന്നതിനെ മുനിയലക്ഷ്മി എതിർത്തിരുന്നു. കഴിഞ്ഞദിവസം കൂടുതൽ ശകാരിച്ചതോടെ കാമുകൻ തങ്കകുമാറിനെയും കണ്ണനെയും വീട്ടിലേക്ക് വിളിച്ചുവരുത്തിയ മകൾ ഉറക്കത്തിലായിരുന്ന മുനിയലക്ഷ്മിയെ തുണി കൊണ്ട് കഴുത്ത് ഞെരിക്കുകയും കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു.