Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

12 വർഷം മുമ്പ് ‘കൊല്ലപ്പെട്ട’ ഭാര്യ ജീവനോടെ; കൊലക്കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിച്ച് ഭർത്താവ്, അന്വേഷണത്തിൽ വഴിത്തിരിവ്

text_fields
bookmark_border
Shakuntala Devi
cancel

പട്ന: ബീഹാറിൽ 12 വർഷം മുമ്പ് ‘കൊല്ലപ്പെട്ട യുവതിയെ’ ജീവനോടെ കണ്ടെത്തിയതോടെ കൊലക്കേസിൽ പുതിയ വഴിത്തിരിവ്. 2014ൽ കാണാതായ ശകുന്തള ദേവിയുടെ മൃതദേഹമെന്ന് കരുതി കനാലിൽനിന്ന് കണ്ടെത്തിയ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞതോടെയാണ് ഭർത്താവും കുടുംബാംഗങ്ങളും കൊലക്കേസിൽ പ്രതിക​ളായത്. വർഷങ്ങൾക്കുശേഷം ശകുന്തള ഝാർഖണ്ഡിൽ മറ്റൊരു പേരിൽ മറ്റൊരു പുരുഷനൊപ്പം താമസിക്കുന്നതായി പൊലീസ് കണ്ടെത്തി. തുടർന്ന് ബീഹാറിലെ സസാറാമിലെ കോടതിയിൽ പൊലീസ് പുതിയ കുറ്റപത്രം സമർപ്പിച്ചതായാണ് വിവരം.

2014ൽ റോഹ്താസ് ജില്ലയിലെ ഭർത്താവിന്റെ വീട്ടിൽനിന്നാണ് ശകുന്തള ദേവിയെ കാണാതായത്. ഭർത്താവിന്റെ വീട്ടുകാർ സ്ത്രീധനത്തിന്റെ പേരിൽ തന്നെ പീഡിപ്പിക്കുന്നതായി ശകുന്തള പരാതിപ്പെട്ടിരുന്നതായി സഹോദരൻ പൊലീസിനെ അറിയിച്ചിരുന്നു. തുടർന്ന് ഖണ്ഡ ഗ്രാമത്തിന് സമീപത്തെ കനാലിൽനിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ശകുന്തളയുടെ സഹോദരനും പ്രദേശത്തെ ചൗക്കിദാറും മൃതദേഹം ശകുന്തളയുടേതാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് സംഭവം കൊലക്കേസായി മാറിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം കൊലപാതകവുമായി ബന്ധപ്പെട്ട വകുപ്പുകൾ കേസിൽ ഉൾപ്പെടുത്തുകയും ചെയ്തു​.

സംഭവത്തിൽ ശകുന്തളയുടെ ഭർത്താവ് അരുൺ മേത്ത, പിതാവ് ദിലീപ് മേത്ത, സഹോദരൻ ഗോവിന്ദ് കുമാർ എന്നിവരടക്കം കുടുംബത്തിലെ എട്ടുപേർക്കെതിരെ കൊലക്കേസ് രജിസ്റ്റർ ചെയ്തു. അരുൺ മേത്ത കുറച്ചുകാലം ജയിലിൽ കഴിഞ്ഞ ശേഷം ജാമ്യം നേടി. കേസുമായി ബന്ധപ്പെട്ട നിയമനടപടികൾ വർഷങ്ങളോളം തുടർന്നു.

കേസിൽ പിന്നീട് ഒത്തുതീർപ്പുണ്ടായതായും ഭർത്താവിന്റെ കുടുംബം പറഞ്ഞു. ശകുന്തളയുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ നൽകുന്നതിനായി പൂർവിക സ്വത്ത് വിൽക്കേണ്ടിവന്നെന്ന് കുടുംബത്തിന്റെ അഭിഭാഷകൻ പറഞ്ഞു.

കഴിഞ്ഞ മാസം ശകുന്തളയെ ഝാർഖണ്ഡിലെ ഗർവ ജില്ലയിൽ കണ്ടതായി ഭർത്താവിന്റെ കുടുംബത്തിന് വിവരം ലഭിച്ചു. കുടുംബാംഗങ്ങൾ സ്ഥലത്തെത്തി വിവരം സ്ഥിരീകരിച്ചതിന് പിന്നാലെ റോഹ്താസ് പൊലീസിന് വിവരം കൈമാറുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ കാന്തി ദേവി എന്ന പേരിൽ ലബ്ഹാരി ഗ്രാമത്തിൽ താമസിക്കുന്ന സ്ത്രീ ശകുന്തള തന്നെയാണെന്ന് കണ്ടെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. മറ്റൊരു പുരുഷനൊപ്പമായിരുന്നു ഇവർ താമസിച്ചിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് റോഹ്താസിലേക്ക് കൊണ്ടുവരികയും സസാറാം കോടതിയിൽ ഹാജരാക്കുകയും ചെയ്തു.

പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതിനും ഗൂഢാലോചനയും ഉൾപ്പെടെയുള്ള വകുപ്പുകളിലും ശകുന്തളക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തു. അതേസമയം ശകുന്തളയുടേതെന്ന് കരുതി സംസ്കരിച്ച മൃതദേഹം ആരുടേതെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും കുറ്റകൃത്യം ചെയ്തതായി കണ്ടെത്തിയാൽ ശകുന്തളക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Woman Found Alive 12 Years After Husband Was Jailed for Her Murder in India
Next Story