ആൺകുഞ്ഞിനു വേണ്ടി പൊതുമധ്യത്തിൽ നഗ്നയായി കുളിക്കാൻ യുവതിയെ നിർബന്ധിച്ചു; വീട്ടുകാർക്കെതിരെ കേസ്
text_fieldsപുനെ: ആൺകുഞ്ഞ് ജനിക്കുന്നതിനായി യുവതിയെ പരസ്യമായി നഗ്നയായി കുളിക്കാൻ നിർബന്ധിച്ച് ഭർതൃ വീട്ടുകാർ. മന്ത്രവാദി പറഞ്ഞതു പ്രകാരമുള്ള ആചാരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മഹാരാഷ്ട്ര പുനെ സ്വദേശിയെ ഭർത്താവും വീട്ടുകാരും പൊതുജനമധ്യത്തിൽ നഗ്നയായി കുളിക്കാൻ നിർബന്ധിച്ചത്. യുവതിയുടെ പരാതിയെ തുടർന്ന് ഭർത്താവിനും ഭർതൃ മാതാപിതാക്കൾക്കും മൗലാനാ ബാബ ജമാദർ എന്ന മന്ത്രവാദിക്കും എതിരെ പുനെ ഭാരതി വിദ്യാപീഠ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
മഹാരാഷ്ട്രയിലെ ദുർമന്ത്രവാദ നിരോധന നിയമപ്രകാരമടക്കം വിവിധ വകുപ്പുകൾ പ്രകാരമാണ് നാലുപേർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തതെന്ന് സ്റ്റേഷനിലെ പൊലീസ് ഇൻസ്‍പെക്ടർ ജഗന്നാഥ് കലാസ്കർ പറഞ്ഞു.
2013 മുതൽ തന്നെ ഭർതൃ മാതാപിതാക്കൾ സ്ത്രീധനം ആവശ്യപ്പെട്ടും ആൺകുഞ്ഞ് ജനിക്കാത്തതിലും യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുണ്ടെന്ന് പരാതിയിലുണ്ട്. ആൺകുഞ്ഞിനുവേണ്ടി പല ദുർമന്ത്രവാദങ്ങൾക്കും ഇവർ നിരവധി തവണ ഇരയായിട്ടുണ്ടെന്നും പൊലീസ് ഓഫീസർ പറഞ്ഞു.
വെള്ളച്ചാട്ടത്തിൽ പരസ്യമായി നഗ്നയായി കുളിച്ചാൽ യുവതിക്ക് ആൺകുഞ്ഞ് ജനിക്കുമെന്ന് മന്ത്രവാദി ഉറപ്പു നൽകിയതിനെ തുടർന്ന് വീട്ടുകാർ യുവതിയെ റായ്ഗഡ് ജില്ലയിലെ വെള്ളച്ചാട്ടത്തിലേക്ക് കൊണ്ടുപോയി പൊതുജനമധ്യത്തിൽ നഗ്നയായി കുളിക്കാൻ നിർബന്ധിക്കുകയായിരുന്നു.
ഇതുകൂടാതെ യുവതിയുടെ സ്വത്തുവകൾ ഇൗടുവെച്ച് 75 ലക്ഷം രൂപ ഭർത്താവ് ബിസിനസ് ആവശ്യങ്ങൾക്കായി വായ്പ എടുത്തിട്ടുണ്ടെന്നും ഇതിനായി ഭർത്താവ് യുവതിയുടെ വ്യാജ ഒപ്പിട്ടുവെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്.
പരാതിയിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

