മോഷണശ്രമം ചെറുത്ത അമ്മയെയും മകളെയും ട്രെയിനിൽനിന്ന് തള്ളിയിട്ട് കൊന്നു
text_fieldsമഥുര (ഉത്തർപ്രദേശ്): യാത്രക്കിടെ മോഷണ ശ്രമം ചെറുത്ത അമ്മയെയും മകളെയും ട്രെയിനിൽനിന്ന് തള്ളിയിട്ടു. പുറത്തേക്ക് തെറിച്ചുവീണ ഇരുവരും മരിച്ചു. ന്യൂഡൽഹി ഷഹ്ദറ നിവാസിയായ മീന (55), മകൾ മനീഷ (21) എന്നിവരാണ് മരിച്ചത്.
ഉത്തർപ്രദേശിലെ മഥുര ജില്ലയിലാണ് സംഭവം. നിസാമുദ്ദീൻ-തിരുവനന്തപുരം സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ സഞ്ചരിക്കുകയായിരുന്നു അമ്മയും മകളും. മകൻ ആകാശും (23) കുടുംബത്തിന് ഒപ്പമുണ്ടായിരുന്നു. എൻജിനീയറിങ് എൻട്രൻസ് പരീക്ഷക്ക് തയാറെടുക്കാൻ മനീഷയെ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർക്കാൻ പോകുകയായിരുന്നു.
സ്ലീപ്പർ കോച്ചിൽ ഉറക്കത്തിലായിരുന്നു കുടുംബം. തന്‍റെ ബാഗ് കൈക്കലാക്കാൻ ശ്രമിക്കുന്നത് കണ്ട മീന മോഷ്ടാക്കളെ തടഞ്ഞു. ബഹളം കേട്ട് മനീഷ ഉണർന്നു. ബാഗിനായി മോഷ്ടാക്കളുമായി പിടിവലിയായി. ഇതേതുടർന്ന് മോഷ്ടാക്കൾ ഇവരെ വലിച്ചിഴച്ച് പുറത്തേക്ക് തള്ളിയിടുകയായിരുന്നു. സംഭവമറിഞ്ഞ് ആകാശ് ചെയിൻ വലിച്ച് ട്രെയിൻ നിർത്തി വൃന്ദാവൻ റോഡ് സ്റ്റേഷനിൽ ആർ.പി.എഫിനെ വിവരം അറിയിക്കുകയായിരുന്നു.
അജ്ഹായ് റെയിൽവേ സ്റ്റേഷന് സമീപത്താണ് സംഭവം. അമ്മയും മകളും വീണ സ്ഥലത്തേക്ക് ആംബുലൻസ് എത്തുമ്പോഴേക്കും ഇരുവർക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
