അജ്ഞാത മൃതദേഹങ്ങൾക്ക് അന്ത്യയാത്രയൊരുക്കി പൊലീസ് ഉദ്യോഗസ്ഥ
text_fieldsകോയമ്പത്തൂർ: 100ഓളം അജ്ഞാത മൃതദേഹങ്ങൾക്ക് അന്ത്യയാത്രയൊരുക്കി തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥ. മേട്ടുപാളയം സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ എം. അമിനയാണ് കഴിഞ്ഞ അഞ്ച് വർഷമായി ഒരു എൻ.ജി.ഒയുടെ സഹായത്തോടെ അജ്ഞാത മൃതദേഹങ്ങളുടെ അന്ത്യകർമ്മങ്ങൾ നടത്തുന്നത്.
മേട്ടുപാളയം പൊലീസ് സ്റ്റേഷനിലാണ് ജോലി ചെയ്യുന്നതെങ്കിലും നഗരത്തിലെ അജ്ഞാത മൃതദേഹങ്ങളെല്ലാം ഇവർ മുൻകൈയെടുത്ത് സംസ്കരിക്കാറുണ്ട്. പോസ്റ്റ്മാർട്ടത്തിന് ശേഷം നിയമപരമായ എല്ലാകാര്യങ്ങളും പൂർത്തിയാക്കിയാണ് മൃതദേഹങ്ങളുടെ സംസ്കാര ചടങ്ങുകൾ നടത്തുകയെന്ന് അമിന പറഞ്ഞു. കോവിഡുകാലത്തും ഭയമേതുമില്ലാതെ ഇത്തരത്തിൽ മൃതദേഹങ്ങൾ സംസ്കരിച്ചിരുന്നു.
ജീവ ശാന്തി ഫൗണ്ടേഷനാണ് അമിനക്ക് അജ്ഞാത മൃതദേഹങ്ങൾ സംസ്കരിക്കാൻ സഹായം നൽകുന്നത്. താൻ പൊലീസ് സ്റ്റേഷനിൽ ചെലവഴിച്ചതിനേക്കാളും കൂടുതൽ സമയം മേട്ടുപാളയം, കോയമ്പത്തൂർ സർക്കാർ ആശുപത്രികളിലാണ് ചെലവഴിച്ചതെന്ന് അമിന പറയുന്നു. സ്വന്തം ശമ്പളത്തിൽ നിന്ന് തന്നെയാണ് മൃതദേഹം സംസ്കരിക്കാനുള്ള ചെലവ് കണ്ടെത്തുന്നത്. നേരത്തെ തമിഴ്നാട് ഡി.ജി.പി ശൈലേന്ദ്ര വനിത ഉദ്യോഗസ്ഥയുടെ പ്രവർത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. അമിനയുടെ പ്രവർത്തിയെ പ്രകീർത്തിച്ച് 5000 രൂപയും സർട്ടിഫിക്കറ്റും ഡി.ജി.പി സമ്മാനിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

