വിവാഹേതര ലൈംഗികബന്ധം: സുപ്രീംകോടതി വിധി ഭർത്താവ് ന്യായീകരിച്ചു; ഭാര്യ ആത്മഹത്യ ചെയ്തു
text_fieldsചെന്നൈ: വിവാഹേതര ലൈംഗികബന്ധം കുറ്റകരമല്ലെന്ന സുപ്രീംകോടതി വിധി ഭർത്താവ് ന്യായീകരിച്ചതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. ചെന്നൈ എം.ജി.ആർ നഗർ നേസപാക്കം ഭാരതിനഗർ പുഷ്പലതയാണ് (24) വീട്ടിൽ തൂങ്ങിമരിച്ചത്. കോർപറേഷൻ പൂന്തോട്ടത്തിലെ കാവൽ ജീവനക്കാരനായ ജോൺപോളിെൻറ ഭാര്യയാണ്.
രണ്ടു വർഷം മുമ്പ് ഇവരുടേത് പ്രണയവിവാഹമായിരുന്നു. ഒരു മകളുണ്ട്. ടി.ബി രോഗം ബാധിച്ച ഭാര്യയിൽനിന്ന് ഇൗയിടെ അകലംപാലിച്ച ജോൺപോളിന് മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന കാര്യമറിഞ്ഞ പുഷ്പലത കഴിഞ്ഞ ദിവസം രാത്രി ഇതുമായി ബന്ധപ്പെട്ട് വഴക്കുണ്ടാക്കിയിരുന്നു. ബന്ധം തുടരുന്നപക്ഷം പൊലീസിൽ പരാതി നൽകുമെന്ന് പുഷ്പലത ഭീഷണിപ്പെടുത്തിയപ്പോഴാണ് സുപ്രീംകോടതി വിധി ജോൺപോൾ ശ്രദ്ധയിൽപെടുത്തിയത്.
ഇതിൽ മനംനൊന്താണ് ശനിയാഴ്ച രാത്രി പുഷ്പലത ആത്മഹത്യ ചെയ്തത്. എന്നാൽ, സുപ്രീംകോടതിയുടെ ഇതേ വിധിപ്രകാരം ജോൺപോളിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റത്തിന് കേസെടുക്കുമെന്ന് എം.ജി.ആർ നഗർ പൊലീസ് അറിയിച്ചു.
