‘അയാളോടെങ്കിലും വിശ്വസ്തയായി കഴിയണം’; കാമുകനൊപ്പം ജീവിക്കണമെന്ന് യുവതി, വിവാഹമോചനത്തിന് സമ്മതിച്ച് ഭർത്താവ്
text_fieldsലഖ്‌നോ: കാമുകനൊപ്പം ജീവിക്കണമെന്ന നിലപാടിൽ ഉറച്ചുനിന്ന ഭാര്യയെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ അവരുടെ തീരുമാനം അംഗീകരിച്ച് ഭർത്താവ്.
പരസ്പര സമ്മതത്തോടെ വിവാഹബന്ധം അവസാനിപ്പിക്കാൻ തയാറായതിനു പിന്നാലെ യുവതി കാമുകനൊപ്പം പോയി. പിന്നീട് ഇരുവരും സമീപത്തെ ക്ഷേത്രത്തിൽ വിവാഹിതരായി. ഉത്തർപ്രദേശിലെ മലിഹാബാദിലാണ് സംഭവം.
മലിഹാബാദിലെ പ്രവിശ്യാ റക്ഷക് ദൾ (പി.ആർ.ഡി) സേനാംഗമാണ് യുവതിയുടെ ഭർത്താവ്. കഴിഞ്ഞ വർഷം മേയിലാണ് ഇരുവരും വിവാഹിതരായത്. ഏതാനും ദിവസം മുമ്പ് യുവതി ഭർതൃവീട്ടിൽനിന്ന് കുടുംബത്തെ അറിയിക്കാതെ പോയിരുന്നു.
ഏറെ അന്വേഷിച്ചിട്ടും കണ്ടെത്താനാകാതെ വന്നതോടെ ഭർത്താവ് മലിഹാബാദ് പൊലീസിൽ പരാതി നൽകി. ബുധനാഴ്ച യുവതി കാമുകനൊപ്പം മലിഹാബാദ് പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ് സംഭവത്തിൽ വഴിത്തിരിവുണ്ടായത്. വിവാഹത്തിന് മുമ്പ് തന്നെ ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
യുവതി പൊലീസ് സ്റ്റേഷനിലെത്തിയതോടെ മാതാപിതാക്കളും ഭർത്താവിന്‍റെ വീട്ടുകാരും അവിടെയെത്തി. യുവതിയെ ഭർത്താവിനൊപ്പം മടങ്ങാൻ ബന്ധുക്കൾ ശ്രമിച്ചെങ്കിലും യുവതി തയ്യാറായില്ല.
ഇതോടെ യുവതിയുടെ തീരുമാനം അംഗീകരിച്ച ഭർത്താവ് പരസ്പര സമ്മതത്തോടെ വിവാഹബന്ധം അവസാനിപ്പിക്കാൻ തയാറാവുകയായിരുന്നു. തെരഞ്ഞെടുത്ത വ്യക്തിയോട് വിശ്വസ്തയായി കഴിയണമെന്ന് യുവതിയോട് പറഞ്ഞ ശേഷമാണ് ഇരുവരും വേർപിരിഞ്ഞതെന്നും പൊലീസ് അറിയിച്ചു.
തുടർന്ന് യുവതിയും കാമുകനും സമീപത്തെ ക്ഷേത്രത്തിലെത്തി വിവാഹിതരായി. യുവതിയുടെ തീരുമാനത്തെ ഇരുകുടുംബങ്ങളും അംഗീകരിച്ചതായി മലിഹാബാദ് ഇൻസ്പെക്ടർ സുരേന്ദ്ര ഭാട്ടി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

