ഉറക്കഗുളിക നൽകിയിട്ടും മരിച്ചില്ല, പിന്നെ ഷോക്കടിപ്പിച്ചു; യുവാവിന്റെ കൊലക്കു പിന്നിൽ ഭാര്യയും ബന്ധുവും
text_fieldsന്യൂഡൽഹി: വൈദ്യുതാഘാതം മൂലമാണെന്ന് ആദ്യം കരുതിയിരുന്ന 36 കാരന്റെ മരണത്തിന്റെ പിന്നിലെ കഥകൾ കേട്ട് ഞെട്ടിയിരിക്കുകയാണ് ഡൽഹി നിവാസികൾ. വിശ്വാസവഞ്ചനയുമായി ബന്ധപ്പെട്ട ഒരു കൊലപാതകത്തിന്റെ ചുരുളുകൾ ആണ് അന്വേഷണത്തിൽ അഴിഞ്ഞത്.
ജൂലൈ 13ന് നടന്ന കൊലപാതകത്തിന്റെ ഇരയായ കരൺ ദേവിനെ ഭാര്യ സുസ്മിത തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. ഭർത്താവിന് അബദ്ധത്തിൽ വൈദ്യുതാഘാതം ഏറ്റുവെന്നായിരുന്നു അവർ അവിടെ പറഞ്ഞത്. ആശുപത്രി ജീവനക്കാർ അദ്ദേഹം മരിച്ചതായി പ്രഖ്യാപിച്ചു. തുടർന്ന്, കുടുംബം പോസ്റ്റ്‌മോർട്ടം നടത്താൻ വിസമ്മതിച്ചെങ്കിലും ഇരയുടെ പ്രായവും മരണത്തിന്റെ സാഹചര്യവും ചൂണ്ടിക്കാട്ടി ഡൽഹി പൊലീസ് പോസ്റ്റ്‌മോർട്ടം നടത്താൻ നിർബന്ധിച്ചു. ഭാര്യയും ബന്ധുവായ രാഹുലും അതിനെ വീണ്ടും എതിർത്തു. പൊലീസ് അപ്പോഴേക്കും ഇരയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലേക്ക് അയച്ചിരുന്നു.
സംഭവം നടന്ന് മൂന്നു ദിവസത്തിനു ശേഷം കരണിനെ ഭാര്യയും അവരുടെ ബന്ധുവും ചേർന്ന് കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നതായി ഇരയുടെ ഇളയ സഹോദരൻ കുനാൽ പൊലീസിനോട് പറഞ്ഞു. സുസ്മിതയും രാഹുലും തമ്മിൽ നടന്ന ഒരു ഇൻസ്റ്റാഗ്രാം ചാറ്റിന്റെ തെളിവുകളും അദ്ദേഹം നൽകി. അതിൽ അവർ കൊലപാതക പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്തിരുന്നു.
ഇരയുടെ ഭാര്യയും ബന്ധുവും തമ്മിൽ വിവാഹേതര ബന്ധമുള്ളതായും അതുകൊണ്ടാണ് കരണിനെ കൊല്ലാൻ തീരുമാനിച്ചതെന്നും ചാറ്റുകളിൽ നിന്ന് വ്യക്തമായി. അത്താഴത്തിനിടെ കരണിന് 15 ഉറക്കഗുളികകൾ നൽകിയ ശേഷം അയാൾ അബോധാവസ്ഥയിലാകുന്നതുവരെ അവർ കാത്തിരുന്നു. ഉറക്കഗുളികകൾ കഴിച്ചാൽ മരണം സംഭവിക്കാൻ എടുക്കുന്ന സമയം ദമ്പതികൾ ഗൂഗിളിൽ തിരഞ്ഞതായും സന്ദേശങ്ങളിൽ നിന്ന് വ്യക്തമായി.
ഇര അബോധാവസ്ഥയിലായെങ്കിലും ശ്വാസം പുറത്തുവിടുന്നത് കണ്ട് സുസ്മിത രാഹുലിനോട് ഇനി എന്തു ചെയ്യണമെന്ന് ചാറ്റിൽ തിരക്കുകയും അപകടമരണമാണെന്ന് വരുത്തിത്തീർക്കാൻ ഇരയെ വൈദ്യുതാഘാതം ഏൽപ്പിക്കാൻ അയാൾ നിർദേശം നൽകുകയും ചെയ്യുകയായിരുന്നു.
ഇങ്ങനെയായിരുന്നു ചാറ്റ്:
‘സുസ്മിത: മരുന്ന് കഴിച്ചിട്ട് മരിക്കാൻ എത്ര സമയമെടുക്കുമെന്ന് നോക്കൂ. ഭക്ഷണം കഴിച്ചിട്ട് മൂന്ന് മണിക്കൂർ കഴിഞ്ഞു. ഛർദ്ദിയില്ല, ഒന്നുമില്ല. മരിച്ചിട്ടും ഇല്ല. ഇനി നമ്മൾ എന്തുചെയ്യും. വല്ലതും പറയൂ.
രാഹുൽ: അവന് ഒരു ഷോക്ക് കൊടുക്കൂ.
സുസ്മിത: ഷോക്കേൽപിക്കാൻ എങ്ങനെ കെട്ടും?
രാഹുൽ: ടേപ്പ് ഉപയോഗിച്ച്.
സുസ്മിത: അവൻ വളരെ സാവധാനത്തിൽ ശ്വസിക്കുന്നുണ്ട്.
രാഹുൽ: നിന്റെ കൈവശമുള്ള ഗുളിക മുഴുവൻ കൊടുക്കൂ
സുസ്മിത: അവന്റെ വായ തുറക്കാൻ കഴിയുന്നില്ല. വെള്ളം ഒഴിക്കാൻ കഴിയും. പക്ഷേ, ഗുളിക നൽകാൻ കഴിയില്ല. നീ ഇവിടേക്ക് വാ. ഒരുപക്ഷേ നമുക്ക് ഒരുമിച്ച് അതവന് കൊടുക്കാൻ കഴിഞ്ഞേക്കാം.’
പ്രതിയായ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാമുകനൊപ്പം ഭർത്താവിനെ കൊലപ്പെടുത്തിയതായി ചോദ്യം ചെയ്യലിൽ അവർ സമ്മതിച്ചു. കുറ്റസമ്മത വേളയിൽ, ‘കർവാ ചൗത്തിന്’ തലേദിവസം കരൺ തന്നെ അടിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നും പലപ്പോഴും പണം ആവശ്യപ്പെട്ടിരുന്നുവെന്നും സുസ്മിത പറഞ്ഞതായി പോലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

