
യു.പിയിൽ വീടിന് മുമ്പിൽ ഹോളി ആഘോഷം തടഞ്ഞ 60കാരിയെ അടിച്ചുകൊന്നു
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ വീടിന് പുറത്ത് ഹോളി ആഘോഷിക്കുന്നത് തടഞ്ഞ 60കാരിയെ ആൾക്കൂട്ടം അടിച്ചുകൊന്നു. മേവട്ടി തോല പ്രദേശത്താണ് സംഭവം.
രാവിലെ 10 മണിയോടെ ഒരു സംഘം ആളുകൾ വീട്ടിലെത്തി മധ്യവയസ്കയെ വടിയും കല്ലുകളും ഉപയോഗിച്ച് മർദിക്കുകയായിരുന്നു. 60കാരിയെ മർദ്ദിക്കുന്നത് തടയാനെത്തിയ കുടുംബാംഗങ്ങൾക്കും പരിക്കേറ്റു. രണ്ടു സ്ത്രീകൾക്കും മൂന്ന് കുട്ടികൾക്കുമാണ് പരിക്കേറ്റതെന്നും അഡീഷനൽ സൂപ്രണ്ട് ഓഫ് പൊലീസ് പ്രശാന്ത് കുമാർ പ്രസാദ് പറഞ്ഞു.
ഹോളി ആഘോഷത്തിനിടെ മറ്റൊരു അനിഷ്ട സംഭവവും പ്രദേശത്ത് റിപ്പോർട്ട് െചയ്തു. ഏക്ദിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ യുവാവ് മദ്യപിച്ച് ട്രാക്ടർ ഓടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേൽക്കുകയായിരുന്നു. ആളുകളെ ഇടിച്ചതിന് ശേഷം വൈദ്യുത തൂണിലിടിച്ച ട്രാക്ടർ പൂർണമായും തകർന്നു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയും യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയും ചെയ്തു.
