മധ്യപ്രദേശിൽ യുവതിയെ വിവസ്ത്രയാക്കി പൊതുമധ്യത്തിൽ പരേഡ്; നാല് സ്ത്രീകൾ പിടിയിൽ
text_fieldsഇൻഡോർ: മധ്യപ്രദേശിൽ മുപ്പത് വയസുകാരിയെ മർദിച്ച് വിവസ്ത്രയാക്കി പൊതുമധ്യത്തിൽ പരേഡ് നടത്തിയ സംഭവത്തിൽ നാല് സ്ത്രീകൾ പിടിയിൽ. ഇൻഡോറിൽ ബുധനാഴ്ചയായിരുന്നു സംഭവം. ഹോളി ദിനത്തിൽ നടന്ന സംഭവതത്ിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ഗൗതംപുര പൊലീസ് സ്റ്റേഷനിൽ പരിധിയിലെ ബച്ഛോറ ഗ്രാമത്തിലെ നിവാസിയായ സ്ത്രീയെ സംഘം വീട്ടിലെത്തി വിളിച്ചിറക്കിയ ശേഷം പൊതുമധ്യത്തിൽ വെച്ച് മർദിക്കുകയും വിവസ്ത്രയാക്കുകയുമായിരുന്നുവെന്ന് ഗൗതംപുര പൊലീസ് സുപ്രണ്ട് സുനിൽ മെഹ്ത പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്. സംഭവദിവസം തന്നെ പ്രദേശം സന്ദർശിച്ചിരുന്നുവെന്നും യുവതി മാതാപിതാക്കളുടെ വീട്ടിലേക്ക് മാറിയതായും മെഹ്ത കൂട്ടിച്ചേർത്തു.
പ്രതികളിലൊരാളുടെ ഭർതൃമാതാവുമായി ആക്രമിക്കപ്പെട്ട യുവതി ബന്ധം സ്ഥാപിച്ചിരുന്നുവെന്നും ഇത് പ്രതിയും അമ്മയും തമ്മിലുള്ള ബന്ധത്തെ ബാധിച്ചിരുന്നുവെന്നും ഇതാണ് അക്രമത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.
അതേസമയം അക്രമണത്തിന്റെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചവരെ കണ്ടെത്തുമെന്നും നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

