കോൺഗ്രസ് പ്രതിഷേധത്തിനിടെ വനിതാ എ.എസ്.ഐയുടെ ഏഴരപവന്റെ മാല കവർന്നു
text_fieldsബംഗളൂരു: കർണാടകയിൽ കോൺഗ്രസ് പ്രതിഷേധത്തിനിടെ വനിതാ എ.എസ്.ഐയുടെ മാല കവർന്നു. ശിവമൊഗ്ഗയിൽ നടന്ന കോൺഗ്രസ് പ്രതിഷേധ പരിപാടിക്കിടയിലാണ് മാല കളവു പോയത്. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റുന്നതിനിടെയാണ് എ.എസ്.ഐ അമൃതയുടെ 60 ഗ്രാം ( 7.5 പവനോളം) തൂക്കമുള്ള മാല നഷ്ടപ്പെട്ടത്. പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റത്തിലും, നാഷനൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും ഇ.ഡി ചോദ്യം ചെയ്ത നടപടിയിലും പ്രതിഷേധിച്ച് കർണാടകയിൽ സംസ്ഥാന വ്യാപകമായി പാർട്ടി സമരം സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ശിവമൊഗ്ഗയിലെ ബി.ജെ.പി ഓഫിസിന് മുന്നിലും പ്രതിഷേധം നടന്നത്. ഈ പ്രതിഷേധക്കാരിലെ സ്ത്രീകളെ നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥയായിരുന്നു എ.എസ്.ഐ അമൃത.
കുത്തിയിരിപ്പ് സമരത്തിനു ശേഷം ബാരിക്കേഡിന് മുകളിൽ കയറാൻ പ്രവർത്തകർ ശ്രമിച്ചതോടെ എല്ലാവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ബലമായി പിടികൂടി വാഹനത്തിൽ കയറ്റുന്നതിനിടെയാണ് അമൃതയുടെ കഴുത്തിലുണ്ടായിരുന്ന മാല നഷ്ടമായത്. തിരക്കിനിടയിൽ ആരോ മാല പിടിച്ചു വലിച്ചതായി അമൃത പറഞ്ഞു. മാല നഷ്ടപ്പെട്ടതോടെ വികാരാധീനയായ അമൃതയെ ആശ്വസിപ്പിക്കാൻ സഹപ്രവർത്തകർക്കൊപ്പം ചില കോൺഗ്രസ് പ്രവർത്തകരുമെത്തി.
അടുത്തിടെ വാങ്ങിയ മാല നഷ്ടപ്പെട്ടതിൽ അങ്ങേയറ്റം വിഷമത്തിലാണ് ഉദ്യോഗസ്ഥ. പ്രവർത്തകർ ബി.ജെ.പി ഓഫിസ് വളപ്പിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചത് വലിയ തോതിലുള്ള ഉന്തും തള്ളും സൃഷ്ടിച്ചിരുന്നു. ഇതിനിടയിലാണോ മാല നഷ്ടപ്പെട്ടതെന്ന സംശയവും പൊലീസിനുണ്ട്.
സംഭവം നടന്ന സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചു വരികയാണെന്ന് ശിവമൊഗ്ഗ എസ്.പി ജി.കെ. മിഥുൻ കുമാർ മാധ്യമങ്ങളോട് പറഞ്ഞു. മാല ആരെങ്കിലും മോഷ്ടിച്ചതാണോ അതോ തിരക്കിനിടയിൽ പൊട്ടി വീണതാണോ എന്നന്വേഷിച്ചു വരികയാണ്. പൊലീസ് ഉദ്യോഗസ്ഥർക്കുനേരെ പോലും ഇത്തരത്തിൽ മോഷണശ്രമങ്ങൾ ഉണ്ടാകുന്നത് സുരക്ഷാ കാര്യത്തിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

