ഗേറ്റ് തുറക്കാൻ വൈകിയ സുരക്ഷാ ജീവനക്കാരനെ മർദിച്ച യുവതി അറസ്റ്റിൽ
text_fieldsനോയിഡ: ഗേറ്റ് തുറക്കാൻ വൈകിയതിന് സുരക്ഷാ ജീവനക്കാരനെ അധിക്ഷേപിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത സംഭവത്തിൽ യുവതി അറസ്റ്റിൽ. അഭിഭാഷകയായ ഭവ്യ റായിയെ ആണ് നോയിഡ പൊലീസ് അറസ്റ്റ് ചെയ്തത്. നോയിഡയിലെ ആഡംബര താമസമേഖലയായ ജെയ്‌പി വിഷ്‌ടൗൺ സൊസൈറ്റിയിലാണ് സംഭവം നടന്നത്. അറസ്റ്റിലായ യുവതിയെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു.
സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച യുവതി കൈയേറ്റം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സൊസൈറ്റിയുടെ പ്രവേശന കവാടത്തിൽ സെഡാനിലെത്തിയ യുവതി ഗേറ്റ് തുറക്കാൻ വൈകിയതിന് സുരക്ഷാ ജീവനക്കാരനോട് കയർത്തു സംസാരിക്കുകയായിരുന്നു.
യുവതിയുടെ ആക്രോശത്തിൽ വളരെ സംയമനം പാലിച്ച കാവൽക്കാരന്‍റെ കൈയിലും കഴുത്തിലും കയറി പിടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കാവൽക്കാരന് നേരെ അധിക്ഷേപങ്ങളും അശ്ലീല ഭാഷാ പ്രയോഗവും നടത്തിയ യുവതിയെ കൂടെയുള്ളവർ സമാധാനിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, ജീവനക്കാരന്‍റെ കോളറിൽ കയറി പിടിച്ച യുവതി അസഭ്യമായ ആംഗ്യങ്ങളും ഭീഷണിപ്പെടുത്തലും വംശീയ പരാമർശങ്ങളും നടത്തി.
യുവതിയുടെ മോശം പെരുമാറ്റത്തിൽ പതറിയ കാവൽകാരൻ ജോലി അവസാനിപ്പിക്കുകയാണെന്ന് പറയുന്നതും ദൃശ്യങ്ങളിലുണ്ട്. യുവതി മദ്യപിച്ചിരുന്നു എന്നാണ് റിപ്പോർട്ട്.
ജീവനക്കാരനെ കൈയേറ്റം ചെയ്ത സംഭവത്തെ അപലപിച്ച ഡൽഹി വനിത കമീഷൻ അധ്യക്ഷ സ്വാതി മലിവാൾ, അക്രമം കാണിച്ചയാൾക്കെതിരെ കർശന നടപടിയെടുക്കാൻ നോയിഡ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

