
സി.സി.ടി.വി കാമറ സ്ഥാപിച്ച് ഭർത്താവ് നിരീക്ഷിക്കുന്നു; പരാതിയുമായി യുവതി
text_fieldsഅഹ്മദാബാദ്: ഭർത്താവ് പീഡിപ്പിക്കുന്നുവെന്നും വീട്ടിൽ സി.സി.ടി.വി കാമറ സ്ഥാപിച്ച് നിരീക്ഷിക്കുന്നുവെന്നും ആരോപിച്ച് യുവതി പൊലീസിൽ പരാതി നൽകി. സ്വകാര്യ സ്ഥാപനത്തിൽ മാനേജറായ 41കാരിയാണ് ഭർത്താവിനെതിരെ പരാതിയുമായി ഗുജറാത്ത് യൂനിവേഴ്സിറ്റി പൊലീസിനെ സമീപിച്ചത്.
2005ൽ വിവാഹിതയായ യുവതി ഭർത്താവിനൊപ്പം ബംഗളൂരുവിലായിരുന്നു. എട്ടും അഞ്ചും വയസ്സുള്ള രണ്ടു പെൺമക്കൾ ഇവർക്കുണ്ട്. നിസ്സാര കാരണങ്ങൾക്ക് ഭർത്താവ് വഴക്കുണ്ടാക്കാൻ തുടങ്ങിയതോടെയാണ് കുടുംബജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തതെന്ന് പരാതിയിൽ പറയുന്നു. നിരന്തര പീഡനം കാരണം 2016ലും 2018ലും വീട്ടിൽനിന്ന് യുവതി ഇറങ്ങിപ്പോന്നിരുന്നു. പിന്നീട് അനുരഞ്ജനത്തിലെത്തി തിരികെപ്പോവുകയായിരുന്നു.
കഴിഞ്ഞ നവംബറിൽ തെൻറ തല ഭിത്തിയിലിടിക്കാൻ ഭർത്താവ് ശ്രമിച്ചതായും ലോക്ഡൗണിൽ പീഡനം തുടർന്നതായും യുവതി പറയുന്നു. പുതുതായി പണി കഴിപ്പിച്ച വീട്ടിൽ, തന്നെ നിരീക്ഷിക്കാനാണ് സി.സി.ടി.വി കാമറ സ്ഥാപിച്ചതെന്നാണ് ഇവരുടെ വാദം. നവ്രംഗപുരയിൽ സഹോദരിക്കും കുടുംബത്തിനുമൊപ്പമാണ് യുവതി ഇപ്പോൾ താമസിക്കുന്നത്.
