ഭാര്യമാരുടെ പരാതി, കൊലപാതകശ്രമത്തിന് കേസ്; ഹൈദരാബാദിൽ വ്യത്യസ്ത സംഭവങ്ങളിൽ രണ്ടുപേർ ആത്മഹത്യ ചെയ്തു
text_fieldsഹൈദരാബാദ്: ഹൈദരാബാദ് നഗരത്തിൽ വ്യത്യസ്ത സംഭവങ്ങളിൽ ഭാര്യമാർ പൊലീസിനെ സമീപിച്ചതോടെ രണ്ട് യുവാക്കൾ ആത്മഹത്യ ചെയ്തു. രണ്ടു പേർക്കെതിരെയും കൊലപാതകശ്രമത്തിന് പൊലീസ് കേസെടുത്തതോടെയാണ് ഇവർ സ്വയം ജീവനൊടുക്കാൻ തീരുമാനിച്ചത്.
ആദ്യത്തെ സംഭവത്തിൽ 28 കാരനായ യുവാവാണ് ജീവനൊടുക്കിയത്. ക്രിസ്റ്റഫർ എന്നറിയപ്പെടുന്ന എർപുല ക്രിസ്റ്റപ്പ ആണ് തൂങ്ങി മരിച്ചത്. ഇയാളുടെ ഭാര്യ ഗഞ്ജി സുമലതയാണ് പൊലീസിൽ പരാതി കൊടുത്തത്.
ഇവരുടെ ദാമ്പത്യ ജീവിതത്തിൽ സംഘർഷങ്ങൾ പതിവായിരുന്നു. പല ദിവസങ്ങളിലും ഇയാളുടെ മർദ്ദനം സഹിച്ച ഭാര്യ ഒരു ദിവസം സഹികെട്ടാണ് പൊലീസിൽ പരാതി നൽകിയത്. വ്യാഴാഴ്ചയാണ് സുമലത രാജേന്ദ്ര നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുന്നത്.
പോലിസ് കൊലപാതക ശ്രമത്തിന് കേസെടുത്തതോടെ ഭയന്നു പോയ ക്രിസ്റ്റഫർ നഗരത്തിലെ ഒരു ഹോട്ടലിലെത്തി അവിടെ മുറിയെടുത്ത ശേഷം ഞായറാഴ്ച ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് കേസെടുത്തു.
സമാനമായ കേസിൽ 29 കാരനായ സാംബമൂർത്തിയാണ് ആത്മഹത്യ ചെയ്തത്. യൂസഫ്ഗുഡ ശ്രീകഷ്ണ നഗര സ്വദേശിയാണ് സാംബമൂർത്തി. ഭാര്യ ലാവണ്യ ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയതിൽ മനംനൊന്ത സാംബമൂർത്തി തൂങ്ങി മരിക്കുകയായിരുന്നു.
ഭാര്യയുമായി സാമ്പത്തിക പ്രശ്നങ്ങളുടെ പേരിൽ ഇയാൾ നിരന്തരമായി വഴക്കിടുമായിരുന്നു. അതിന്റെ പേരിൽ പീഡനവും പതിവായിരുന്നു. തന്നെയുമല്ല ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചും ഇയാൾ മർദ്ദനം തുടർന്നു. ഒടുവിൽ ഭാര്യ ജൂബിലി ഹിൽസ് വനിതാ പൊലീസ് സ്റ്റേഷനിൽ ഭർത്താവിനെതിരെ പരാതി നൽകുകയായിരുന്നു.
ഒരാഴ്ച മുമ്പാണ് പരാതി നൽകിയത്. തുടന്ന് മാനസിക പ്രശ്നത്തിലായ മൂർത്തി ദിവസങ്ങളോളം ഒറ്റപ്പെട്ട് കഴിയുകയായിരുന്നു. തുടർന്നാണ് ഇയാൾ വീട്ടിലെ സീലിങ് ഫാനിൽ തൂങ്ങി മരിച്ചത്. അസ്വാഭാവിക മരണത്തിന് പോലിസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

