ദേശീയ ഗാനം, ജയ് ഹിന്ദ്, ടാഗോർ, നസ്റുൽ ഇസ്‍ലാം, സുഭാഷ് ചന്ദ്ര ബോസ്: ബംഗാൾ ഇല്ലായിരുന്നെങ്കിൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമായിരുന്നില്ലെന്ന് മമത
text_fieldsകൊൽക്കത്ത: രാജ്യത്തിന്റെ വിധി രൂപപ്പെടുത്തുന്നതിൽ ഗണ്യമായ സംഭാവന നൽകിയ രവീന്ദ്രനാഥ ടാഗോർ, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ വ്യക്തിത്വങ്ങൾ ജനിച്ച നാടായ ബംഗാൾ ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമായിരുന്നില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി. വൈവിധ്യങ്ങൾക്കിടയിൽ ഐക്യത്തിനായി നിലകൊള്ളുന്ന പ്രത്യാശയുടെ ദീപസ്തംഭമാണ് ബംഗാൾ എന്നും മമത പറഞ്ഞു. ഒരു പൊതു ചടങ്ങിൽ വിദ്യാർഥികളോടു സംസാരിക്കവെയായിരുന്നു സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ അവരുടെ പരാമർശം.
‘ബംഗാൾ ഇല്ലായിരുന്നെങ്കിൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമായിരുന്നില്ല. രവീന്ദ്രനാഥ ടാഗോർ, നസ്റുൽ ഇസ്‍ലാം, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ പ്രമുഖരെ ബംഗാളിന്റെ മണ്ണ് സൃഷ്ടിച്ചിട്ടുണ്ട്. ദേശീയ ഗാനം, ജയ് ഹിന്ദ് മുദ്രാവാക്യം എന്നിവയെല്ലാം ബംഗാളികളുടെ സൃഷ്ടികളാണ്’ എന്നും അവർ പറഞ്ഞു.
പശ്ചിമ ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾക്കെതിരെ ‘ഭാഷാ ഭീകരത’ ആരോപിച്ച് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടപടി കടുപ്പിക്കുന്ന പശ്ചാത്തിൽകൂടിയാണ് മമതയുടെ പ്രസ്താവന. ഇതിനെതിരെ ‘ബംഗാളി അസ്മിത’ (അഭിമാനം) കേന്ദ്രീകരിച്ചുള്ള കാമ്പയിന് തൃണമൂൽ നേതൃത്വം നൽകി വരികയാണ്.
രാജ്യത്തെ സ്വാതന്ത്ര്യ സമര സേനാനികളിൽ ബഹുഭൂരിപക്ഷവും ബംഗാളിൽ നിന്നുള്ളവരാണെന്ന് അവർ പറഞ്ഞു. ‘പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിലിലെ തടവുകാരിൽ 70 ശതമാനവും ബംഗാളികളായിരുന്നുവെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. പഞ്ചാബിൽ നിന്നുള്ള സ്വാതന്ത്ര്യ സമര സേനാനികൾ രണ്ടാം സ്ഥാനത്തായിരുന്നു’. നാളെ സ്വാതന്ത്ര്യദിനമാണ്. ഇടുങ്ങിയ ചിന്തകളും ഭിന്നിപ്പിക്കുന്ന ചിന്തകളും ഉപേക്ഷിക്കാൻ എല്ലാവരോടും ഞാൻ അഭ്യർഥിക്കുന്നു. ബംഗാൾ വൈവിധ്യങ്ങൾക്കിടയിലെ ഐക്യത്തിനു വേണ്ടിയാണ് നിലകൊള്ളുന്നത്. നമ്മൾ ശക്തരും ഐക്യമുള്ളവരുമാണ്’ - പരിപാടിയിൽ പങ്കെടുത്ത സ്കൂൾ വിദ്യാർത്ഥിനികളോട് മമത പറഞ്ഞു.
വിഭജനത്തിനുശേഷം രാജ്യത്ത് പ്രവേശിച്ചവരെല്ലാം ഈ രാജ്യത്തിന്റെ പൗരന്മാരാണെന്ന് അവർ പറഞ്ഞു. ബംഗാളിയിൽ സംസാരിച്ചതിന് മകനോടൊപ്പം ഒരു കായിക മത്സരത്തിന് പോയ പിതാവിന് നോയിഡയിലെ ഹോട്ടലിൽ താമസ സൗകര്യം അനുവദിച്ചില്ലെന്ന് ഞാനിന്നലെ വായിച്ചു. നിങ്ങളുടെ ഭാഷയെ ബഹുമാനിക്കാൻ ഞങ്ങൾക്കു കഴിയുമെങ്കിൽ നിങ്ങൾക്ക് എന്തുകൊണ്ട് ഞങ്ങളുടെ ഭാഷകളെയും ബഹുമാനിക്കാൻ കഴിയില്ല?’ -അവർ ചോദിച്ചു.
ബംഗാളിനുള്ള ഫണ്ടുകളുടെ നഷ്ടം മമത എടുത്തുകാണിക്കുകയും ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ തടയുന്നതിന് കേന്ദ്രത്തെ അവർ വിമർശിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

