Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎൻ.ഡി.ടി.വിക്ക്...

എൻ.ഡി.ടി.വിക്ക് വിലക്ക്: നടുക്കം രേഖപ്പെടുത്തി മാധ്യമലോകം

text_fields
bookmark_border
എൻ.ഡി.ടി.വിക്ക് വിലക്ക്: നടുക്കം രേഖപ്പെടുത്തി മാധ്യമലോകം
cancel

ന്യൂഡല്‍ഹി: എന്‍.ഡി.ടി.വി ഇന്ത്യയുടെ ഹിന്ദി ചാനലിന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഒരു ദിവസത്തെ വിലക്കേര്‍പ്പെടുത്തിയതിനെതിരെ വന്‍ പ്രതിഷേധം. മാധ്യമസ്ഥാപനങ്ങളിലെ എഡിറ്റര്‍മാരുടെ കൂട്ടായ്മയായ എഡിറ്റേഴ്സ് ഗില്‍ഡിനൊപ്പം പ്രമുഖ മാധ്യമ- സാംസ്കാരിക പ്രവര്‍ത്തകരും സര്‍ക്കാറിനെതിരെ രംഗത്തുവന്നു. മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്നതിലൂടെ അടിയന്തരാവസ്ഥക്ക് സമാനമായ സ്ഥിതിയാണ് സംജാതമായിരിക്കുന്നതെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു.

ജനുവരിയില്‍ പത്താന്‍കോട്ട് വ്യോമതാവളത്തിലുണ്ടായ ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ നിര്‍ണായകവും തന്ത്രപരവുമായ വിവരങ്ങള്‍ പുറത്തുവിട്ടുവെന്ന പേരിലാണ് ചാനലിന് ഈ മാസം ഒമ്പതിന് ഒരു ദിവസത്തെ വിലക്കേര്‍പ്പെടുത്തുന്നതെന്നാണ് ഒൗദ്യോഗിക അറിയിപ്പ്. കേബ്ള്‍ ടി.വി നെറ്റ്വര്‍ക്ക് നിയമപ്രകാരമാണ് നിയന്ത്രണം. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ മന്ത്രിതല സമിതിയാണ് നിരോധനം ശിപാര്‍ശ ചെയ്തത്.

മാധ്യമസ്വാതന്ത്ര്യത്തില്‍ കൈകടത്തുന്ന കേന്ദ്രതീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് ആവശ്യപ്പെട്ടു. ബ്രോഡ്കാസ്റ്റ് എഡിറ്റേഴ്സ് അസോസിയേഷനും ഇതേ ആവശ്യം ഉന്നയിച്ചു. സമചിത്തതയോടെയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതെന്നും മറ്റു ചാനലുകളില്‍ വന്ന വിവരങ്ങള്‍ തന്നെയാണ് തങ്ങളുടെ ചാനലിലും വന്നതെന്നും കേന്ദ്ര സര്‍ക്കാറിന്‍െറ കാരണംകാണിക്കല്‍ നോട്ടീസിന് നല്‍കിയ മറുപടിയില്‍ എന്‍.ഡി.ടി.വി ബോധിപ്പിച്ചു. ചാനലിനെ വിലക്കുന്നത് അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നു.

തങ്ങള്‍ക്ക് ഹിതകരമല്ലാത്ത കാര്യങ്ങള്‍ വന്നതിന്‍െറ പേരില്‍ ഏകപക്ഷീയമായി ശിക്ഷാനടപടിയെടുക്കുന്നതിലൂടെ മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ സ്വയം ചുമതലപ്പെടുത്തപ്പെട്ട സ്ഥാപനമായി സര്‍ക്കാര്‍ മാറുകയാണോയെന്ന് സംശയിക്കണം.  ഭീകരാക്രമണ വാര്‍ത്താസംപ്രേഷണത്തിന്‍െറ പേരില്‍ ഒരു ചാനലിനെതിരെ ആദ്യമായാണ് ഇങ്ങനെയൊരു നടപടി. ഉത്തരവാദരഹിതമായി വാര്‍ത്ത നല്‍കിയിട്ടുണ്ടെങ്കില്‍ അതിന് നിയമപരമായ നിരവധി  പരിഹാര നടപടികളുണ്ട്.  സര്‍ക്കാറിന് വേണമെങ്കില്‍ കോടതിയെ സമീപിക്കാം.

നിയമപരമോ നിയമ ഇടപെടലോ കൂടാതെ ചാനലിനെ നിരോധിക്കുന്നത് മാധ്യമസ്വാതന്ത്ര്യം, നീതി എന്നീ അടിസ്ഥാനതത്ത്വങ്ങളുടെ ലംഘനമാണെന്നും എന്‍.ഡി.ടി.വി ചൂണ്ടിക്കാട്ടി.  മാധ്യമപ്രവര്‍ത്തകരായ ശേഖര്‍ ഗുപ്ത, ഹരീന്ദര്‍ ബവേജ, റാന അയ്യൂബ്, എം.കെ. വേണു, സാഗരിക ഘോഷ്, അഭിഭാഷക ഇന്ദിര ജയ്സിങ്, എഴുത്തുകാരി ശോഭ ഡെ തുടങ്ങി നിരവധിപേര്‍ സര്‍ക്കാര്‍ നടപടിയെ  ശക്തമായി അപലപിച്ച് രംഗത്തുവന്നിട്ടുണ്ട്.

ഞെട്ടലുണ്ടാക്കുന്ന നടപടിയെന്ന് രാഷ്ട്രീയപാര്‍ട്ടികള്‍

 എന്‍.ഡി.ടി.വി വിലക്കിനെതിരെ  ബി.ജെ.പിയിതര രാഷ്ട്രീയപാര്‍ട്ടികളും സര്‍ക്കാറിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കോണ്‍ഗ്രസ് നേതാക്കളായ ദിഗ്വിജയ് സിങ്, അഹ്മദ് പട്ടേല്‍, ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല എന്നിവര്‍ സര്‍ക്കാര്‍ തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു.

ചാനലിന് നിരോധനമേര്‍പ്പെടുത്തിയ നടപടി ഞെട്ടലുണ്ടാക്കുന്നതാണെന്നും ഇത് അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യം രാജ്യത്ത് നിലനില്‍ക്കുന്നതിന്‍െറ തെളിവാണെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രസ്താവനയില്‍ പറഞ്ഞു.  വാര്‍ത്താസംപ്രേഷണം സംബന്ധിച്ച് സര്‍ക്കാറിന് പരാതിയുണ്ടെങ്കില്‍ മറ്റ് മാര്‍ഗങ്ങള്‍ തേടുകയാണ് വേണ്ടതെന്നും മമത കൂട്ടിച്ചേര്‍ത്തു.

നവംബര്‍ ഒമ്പതിന് മാധ്യമങ്ങള്‍ പൂര്‍ണമായി വിട്ടുനിന്ന് ഇതിനെതിരെ പ്രതിഷേധിക്കണമെന്ന് കെജ്രിവാളും ദിഗ്വിജയ് സിങ്ങും ആവശ്യപ്പെട്ടു. പ്രതിപക്ഷനേതാക്കളെ കസ്റ്റഡിയില്‍ എടുക്കുക, വാര്‍ത്താചാനലുകളെ ബഹിഷ്കരിക്കുക ഇതൊക്കെയാണ് മോദിയുടെ ഇന്ത്യയില്‍ നടക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതാണോ മോദി പറഞ്ഞ ‘അച്ഛേ ദിന്‍’ എന്നായിരുന്നു ഉമര്‍ അബ്ദുല്ലയുടെ പരിഹാസം.

 

Show Full Article
TAGS:ndtv hindhi ban ndtv ban 
News Summary - Withdraw Ban On NDTV India Straight Away, Say Editors, Journalists
Next Story