ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാറിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്നത്തെ മൻ കി ബാത്തിൽ എങ്കിലും രാജ്യത്തിന്‍റെ കോവിഡ് പ്രതിരോധ പദ്ധതിയെ കുറിച്ച് പ്രധാനമന്ത്രി പറയുമായിരിക്കും എന്ന് രാഹുൽ പരിഹസിച്ചു.
'ന്യായമായ ചോദ്യമാണ്. പക്ഷേ, സർക്കാറിന്‍റെ മറുപടിക്കായി എത്രകാലം രാജ്യം കാത്തിരിക്കണം. ഇന്നത്തെ മൻ കി ബാത്തിൽ കോവിഡ് പ്രതിരോധ പദ്ധതിയെ കുറിച്ച് പറയുമെന്നാണ് പ്രതീക്ഷ' -രാഹുൽ ട്വീറ്റ് ചെയ്തു.
എല്ലാവർക്കും കോവിഡ് വാക്സിൻ എത്തിക്കാൻ കേന്ദ്ര സർക്കാറിന്‍റെ കൈയിൽ 80,000 കോടി രൂപ മാറ്റിവെക്കാനുണ്ടോ എന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി.ഇ.ഒ. അദര്‍ പൂനാവാല ചോദിച്ച വാർത്തയും ഇതിനൊപ്പം രാഹുൽ പങ്കുവെച്ചു.
രാജ്യത്ത് 24 മണിക്കൂറിനിടെ 88,600 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച് ആകെ രോഗബാധിതർ 59,92,533 ആയി ഉയർന്നിരിക്കുകയാണ്. 1124 പേർ കൂടി മരിച്ചതോടെ ആകെ മരണം 94,503 ആയും വർധിച്ചു.