ഡ്രൈവിംഗ് അറിയാത്ത വരന് സ്ത്രീധനമായി കാര്‍; അമ്മായിയെ ഇടിച്ചുതെറിപ്പിച്ചു
text_fieldsകാണ്‍പുര്‍: ഡ്രൈവിംഗ് അറിയാത്ത വരന് സ്ത്രീധനമായി കാര്‍ നൽകിയതിന്റെ പൊല്ലാപ്പ് അനുഭവിക്കുകയാണ് യു.പിയിൽ ഒരു കുടുംബം. വരൻ കാർ ഓടിച്ചതിനെ തുടർന്ന് വൻ അപകടവും സംഭവിച്ചു. സ്ത്രീധനമായി ലഭിച്ച കാറുമായുള്ള ആദ്യ ഓട്ടത്തില്‍ തന്നെ അപകടമുണ്ടാക്കിയിരിക്കുകയാണ് വരന്‍. നിയന്ത്രണം വിട്ട് പാഞ്ഞ കാറിടിച്ച് വരന്‍റെ അമ്മായി മരണപ്പെട്ടു. ബന്ധുക്കളായ മറ്റ് നാല് പേരെ കൂടി കാര്‍ ഇടിച്ചു തെറിപ്പിച്ചു. കാണ്‍പുരിലെ ഇറ്റാവ ജില്ലയിലെ അക്ബർപൂർ ഗ്രാമത്തിലാണ് സംഭവം. വിവാഹത്തിന് മുമ്പുള്ള ചടങ്ങുകള്‍ക്ക് ശേഷമാണ് വധുവിന്‍റെ വീട്ടുകാര്‍ വരന് സമ്മാനമായി കാര്‍ നല്‍കിയത്.
വരനായ അരുണ്‍ കുമാറിന് ഡ്രൈവിംഗ് അറിയില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഔറയ്യ സ്വദേശിനിയുമായാണ് അരുണ്‍ കുമാറിന്‍റെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിന് മുമ്പുള്ള ചടങ്ങുകള്‍ക്ക് ശേഷം വരന് സമ്മാനമായുള്ള കാര്‍ വധുവിന്‍റെ വീട്ടുകാര്‍ നല്‍കുകയായിരുന്നു. മുമ്പ് ഒരിക്കല്‍ പോലും ഡ്രൈവ് ചെയ്തിട്ടില്ലെങ്കിലും പുതിയ കാറില്‍ അപ്പോള്‍ തന്നെ ടെസ്റ്റ് ഡ്രൈവ് നടത്താന്‍ അരുണ്‍ തീരുമാനിക്കുകയായിരുന്നു.
വാഹനം സ്റ്റാര്‍ട്ടാക്കി ബ്രേക്ക് പിടിക്കുന്നതിന് പകരം അരുൺ കുമാര്‍ ആക്സിലേറ്റര്‍ അമര്‍ത്തിയതോടെ കാര്‍ കുതിച്ചു പാഞ്ഞു. വിവാഹത്തിന് മുമ്പുള്ള ചടങ്ങ് നടന്ന വേദിക്ക് പുറത്ത് നില്‍ക്കുകയായിരുന്ന ബന്ധുക്കളുടെ ഇടയിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. ചക്രത്തിനടിയില്‍ പെട്ട അരുണിന്‍റെ അമ്മായി സരള ദേവി (35) ആണ് മരണപ്പെട്ടത്. 10 വയസുള്ള ഒരു കുട്ടിക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അരുണ്‍ കുമാറിനെ കസ്റ്റഡിയില്‍ എടുത്തതായി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ റണ്‍വിജയ് സിംഗ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

