ശീതകാല സമ്മേളനം ബെളഗാവിയിൽ; അതിർത്തിയിൽ പ്രതിഷേധം
text_fieldsബെളഗാവി സുവർണ സൗധയിൽ സുരക്ഷ കർശനമാക്കിയപ്പോൾ
ബംഗളൂരു: കർണാടക നിയമസഭയുടെ പത്തുദിവസത്തെ ശീതകാല സമ്മേളനം ബെളഗാവി സുവർണ സൗധയിൽ തുടങ്ങി. ഭരണകക്ഷിയായ ബി.ജെ.പിയുടെ അവസാന നിയമസഭ സെഷനാണിത്. സർക്കാറിനെതിരായ വിവിധ ആരോപണങ്ങൾ നിയമസഭ സമ്മേളനത്തിൽ ഉയർന്നുവരും. വോട്ടർമാരുടെ ഡേറ്റ ചോർത്തൽ, അഴിമതി തുടങ്ങിയ വിഷയങ്ങൾ കോൺഗ്രസ് ഉയർത്തും.
അതിനിടെ സമ്മേളനം തുടങ്ങിയ ദിവസം കർണാടക-മഹാരാഷ്ട്ര അതിർത്തി തർക്കത്തിന്‍റെ ഭാഗമായി മഹാരാഷ്ട്ര ഏകീകരൺ സമിതി പ്രവർത്തകരുടെ നേതൃത്വത്തിൽ നൂറുകണക്കിനാളുകൾ അതിർത്തിയിൽ പ്രതിഷേധിച്ചു. എൻ.സി.പി പ്രവർത്തകരും എത്തിയിരുന്നു. ബെളഗാവിയും മറാഠിഭാഷ സംസാരിക്കുന്നവർ ഏറെയുള്ള കർണാടകയുടെ മറ്റു ഭാഗങ്ങളും മഹാരാഷ്ട്രയിൽ ലയിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരരംഗത്തുള്ള സംഘടനയാണ് മഹാരാഷ്ട്ര ഏകീകരണ സമിതി.
നിയമസഭയുടെ പത്തുദിവസത്തെ ശീതകാല സമ്മേളനം ബെളഗാവി സുവർണ സൗധയിൽ തുടങ്ങിയപ്പോൾ
ബംഗളൂരുവിലെ നിയമസഭ മന്ദിരമായ വിധാൻസൗധയുടെ മാതൃകയിലാണ് അതിർത്തി ജില്ലയായ ബെളഗാവിയിൽ സുവർണ വിധാൻ സൗധ പണികഴിപ്പിച്ചത്. ഇവിടെയാണ് സഭയുടെ ശീതകാല സമ്മേളനം ചേരാറ്. ഇതിനെതിരെ മഹാരാഷ്ട്ര ഏകീകരണ സമിതി വർഷംതോറും പ്രതിഷേധവുമായെത്താറുണ്ട്.
തിങ്കളാഴ്ച അതിർത്തിക്കുസമീപം കെങ്കോലി ടോൾപ്ലാസക്ക് സമീപത്താണ് പ്രതിഷേധക്കാർ എത്തിയത്. സുരക്ഷയുടെ ഭാഗമായി പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ കർണാടക നിയോഗിച്ചിരുന്നു. അതിർത്തിപ്രശ്നത്തിൽ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേ എന്നിവരുമായി ആഭ്യന്തരമന്ത്രി അമിഷ്ത് ഷാ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. പ്രശ്നപരിഹാരത്തിന് സുപ്രീംകോടതി വിധി വരുന്നതുവരെ എല്ലാവരും കാത്തിരിക്കണമെന്നും വിഷയത്തിൽ മന്ത്രിതല സമിതി രൂപവത്കരിക്കുമെന്നും ഷാ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

