പ്രിയതമന് വിങ് കമാൻഡർ അഫ്ഷാന്റെ ലാസ്റ്റ് സല്യൂട്ട്; തേജസിൽ പൊലിഞ്ഞ ധീരപുത്രന് യാത്രാമൊഴി
text_fieldsന്യൂഡൽഹി: വേർപാടിന്റെ വേദന ഉള്ളിൽ പിടിച്ചടക്കി, വലതുകൈ നെറ്റിയോട് ചേർത്ത് പ്രിയതമന് അവർ അവസാനത്തെ സല്യൂട്ട് നൽകി. കണ്ണീര് വീഴാതെ അതുവരെ പിടിച്ചുനിന്നവൾ പ്രിയപ്പെട്ടവന്റെ ചേതനയറ്റ ശരീരത്തിനു മുന്നിൽ വിതുമ്പി കരയുന്നത് കണ്ടപ്പോൾ, കൂടി നിന്നവരും തേങ്ങി. രാജ്യത്തിന്റെ അടക്കിപ്പിടിച്ച വേദനയായി മാറിയ വിങ് കമാൻഡർ നമാംശ് ശ്യാലിന് നാടിന്റെ യാത്രാമൊഴി.
ഞായറാഴ്ച ഹിമാചൽ പ്രദേശിലെ ജന്മാനാടായ കാംഗ്രയിൽ മൃതദേഹമെത്തിച്ചപ്പോഴായിരുന്നു ഏവരുടെയും ഉള്ളുലക്കുന്ന കാഴ്ചയായി നമാംശ് ശ്യാലിന്റെ പത്നിയും വ്യോമസേന വിങ് കമാൻഡറുമായ അഫ്ഷാനിന്റെ ലാസ്റ്റ് സല്യൂട്ട്.
ദുബൈ എയർഷോയിൽ വ്യോമാഭ്യാസത്തിനിടെ തകർന്നു വീണ് തീഗോളമായി മാറിയ തേജസ് യുദ്ധ വിമാനത്തിലെ പൈലറ്റ് വിങ് കമാൻഡർ നമാംശ് ഇനി ജ്വലിക്കുന്ന ഓർമയിലെ താരകം.
വെള്ളിയാഴ്ച നടന്ന അപകടത്തിനു പിന്നാലെ ശനിയാഴ്ച രാത്രിയോടെ ദുബൈയിൽ നിന്നും വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ തമിഴ്നാട്ടിലെത്തിച്ച ശേഷമാണ് ജന്മനാടായ ഹിമാചൽ പ്രദേശിലെ കാംഗ്രയിലെത്തിച്ച് സംസ്കരിച്ചത്. ദുബൈയിൽ സൈനിക ബഹുമതികളോടെയായിരുന്നു യാത്രയയപ്പ് നൽകിയത്. ശേഷം, തമിഴ്നാട്ടിലെ സുലൂരിലെ സേനാക്യാമ്പിൽ സേനാ ഉദ്യോഗസ്ഥരും ബന്ധുക്കളും ആദരാഞ്ജലികൾ അർപ്പിച്ച ശേഷം ഭൗതിക ശരീരം ജന്മനാട്ടിലെത്തിച്ചു. സേനാ ഉദ്യോഗസ്ഥരും ബന്ധുക്കളും നാട്ടുകാരുമായി നിരവധി പേർ നാടിന്റെ ധീരപുത്രന് അന്ത്യാഭിവാദ്യമർപ്പിക്കാനെത്തി. സംസ്ഥാന സർക്കാറിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
സൈനിക യൂണിഫോം അണിഞ്ഞായിരുന്നു വിങ് കമാൻഡർ അഫ്ഷാൻ അന്ത്യാഭിവാദ്യം നേർന്നത്.
അതിനിടെ, ദുബൈ എയർഷോയുടെ ചരിത്രത്തിൽ ആദ്യമായുണ്ടായ അപകടം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. തേജസ് അപകടത്തിൽ പെട്ട നിമിഷത്തിൽ പൈലറ്റ് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നതായി ബോധ്യപ്പെടുത്തുന്നു ദൃശ്യങ്ങളും പുറത്തു വന്നു. അവസാന നിമിഷത്തിൽ പാരച്യൂട്ട് തള്ളി രക്ഷപ്പെടാനൊരുങ്ങിയെങ്കിലും സമയം ലഭിക്കും മുമ്പേ വിമാനം നിലത്തിടിച്ച് അഗ്നി ഗോളമായി മാറി. 49-52 സെക്കൻഡിൽ വിമാനം നിലത്തിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.
അപകടമുണ്ടാകുന്നതിന് തൊട്ടു മുമ്പ് അഭ്യാസപ്രകടനത്തിന്റെ ഭാഗമായി വിമാനം രണ്ടു തവണ കരണം മറിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

