
സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വൈന്‍ വില്‍പന; ബി.ജെ.പിക്ക് പിന്നാലെ അണ്ണാ ഹസാരെയും സമരത്തിലേക്ക്
text_fieldsമുംബൈ: സൂപ്പര്‍മാര്‍ക്കറ്റുകളിലും കടകളിലും വൈന്‍ വില്‍പനയ്ക്ക് അനുമതി നല്‍കിയ മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് അണ്ണാ ഹസാരെ. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമരം തുടങ്ങുമെന്ന് അറിയിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്തയച്ചു. നേരത്തേ സര്‍ക്കാർ തീരുമാനത്തിനെതിരെ ബിജെപിയും രംഗത്തെത്തിയിരുന്നു.
മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ തീരുമാനത്തില്‍ നിരാശയുണ്ടെന്ന് അണ്ണാ ഹസാരെ പ്രതികരിച്ചു- 'സൂപ്പർമാർക്കറ്റുകളിലും മറ്റ് കടകളിലും വൈൻ വിൽക്കാൻ അനുമതി നൽകാനുള്ള സർക്കാർ തീരുമാനം സംസ്ഥാനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും നല്ലതല്ല. മദ്യത്തിനെതിരായ നടപടികൾ സംസ്ഥാന സർക്കാർ ആരംഭിക്കണം. നിർഭാഗ്യവശാൽ മന്ത്രിസഭാ തീരുമാനം മദ്യപാനത്തിനായി ആളുകളെ പ്രോത്സാഹിപ്പിക്കും. സർക്കാർ നയത്തിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ ഞാൻ അനിശ്ചിതകാല നിരാഹാരത്തിലേക്ക് പോകും'- അണ്ണാ ഹസാരെ വ്യക്തമാക്കി.
മുന്നറിയിപ്പ് നല്‍കി കത്ത് അയച്ചിട്ടും മഹാരാഷ്ട്ര സര്‍ക്കാരില്‍ നിന്നും ഒരു മറുപടിയും ലഭിച്ചില്ലെന്ന് അണ്ണാ ഹസാരെ പറഞ്ഞു. ഫെബ്രുവരി മൂന്നിനാണ് കത്തയച്ചത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കും ഉപമുഖ്യമന്ത്രി അജിത് പവാറിനുമാണ് കത്തയച്ചത്. ആദ്യത്തെ കത്തിന് മറുപടി ലഭിക്കാത്തതിനാല്‍ ഇക്കാര്യം ഓര്‍മിപ്പിച്ച് വീണ്ടും കത്തെഴുതിയെന്നും അണ്ണാ ഹസാരെ വ്യക്തമാക്കി.