പ്രതിപക്ഷസഖ്യത്തെ നയിക്കുമോ? -ശ്രീലങ്കൻ പ്രസിഡന്റിന്റെ ചോദ്യത്തിന് മറുപടിയുമായി മമത ബാനർജി
text_fieldsകൊൽക്കത്ത: പ്രതിപക്ഷ സഖ്യമായ ഇൻഡ്യയെ നയിക്കുമോയെന്ന ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയുടെ ചോദ്യത്തിന് കൃത്യമായ മറുപടിയുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ജനങ്ങളുടെ പിന്തുണയുണ്ടെങ്കിൽ ഞങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തും എന്നായിരുന്നു മമതയുടെ മറുപടി. ദുബൈ വിമാനത്താവളത്തിൽ വെച്ചായിരുന്നു മമത വിക്രമസിംഗെയെ കണ്ടത്.
നവംബറിൽ കൊൽക്കത്തയിൽ നടക്കുന്ന ബിസിനസ് സമ്മേളനത്തിൽ പങ്കെടുക്കാൻ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. 12 ദിന സന്ദർശനത്തിന്റെ ഭാഗമായി മമത ദുബൈയും സ്പെയിനും സന്ദർശിക്കുന്നുണ്ട്. മമത ബാനർജിയെ ശ്രീലങ്കയിലേക്കും വിക്രമസിംഗെ ക്ഷണിച്ചു.
''ബഹുമാനപ്പെട്ട ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് കണ്ടുമുട്ടി. അദ്ദേഹവുമായി കുറച്ചു നേരം സംസാരിച്ചു. അദ്ദേഹത്തെ ഞാൻ കൊൽക്കത്തയിൽ നവംബറിൽ നടക്കുന്ന ബംഗാൾ ഗ്ലോബൽ ബിസിനസ് സമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചു.''-എന്നാണ് കൂടിക്കാഴ്ചയെ കുറിച്ച് മമത ബാനർജി എക്സിൽ കുറിച്ചത്.

