തത്കാൽ ടിക്കറ്റ് ബുക്കിങ് സമയത്തിൽ മാറ്റമോ? വിശദീകരണവുമായി ഇന്ത്യൻ റെയിൽവേ
text_fieldsഏപ്രിൽ 15 മുതൽ പുതിയ തത്കാൽ ടിക്കറ്റ് ബുക്കിങ് സമയം പരിഷ്‌ക്കരിച്ചതായി റിപോർട്ടുകൾ പുറത്തുവന്നതോടെ വിശദീകരണവുമായി ഇന്ത്യൻ റെയിൽവേ. നിലവിൽ ബുക്കിങ് സംവിധാനത്തിൽ മാറ്റമില്ലെന്നും അത്തരമൊരു നീക്കം ആസൂത്രണം ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (ഐ.ആർ.സി.ടി.സി).
എ.സി, നോൺ എ.സി ക്ലാസ്സുകൾക്കും ഏജന്റുമാർക്കും തത്കാൽ ടിക്കറ്റ് ബുക്കിങ് സമയം മാറ്റിയതായി തെറ്റിദ്ധരിപ്പിക്കുന്ന നിരവധി പോസ്റ്റുകൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിച്ചതിനെ തുടർന്നാണ് റെയിൽവേയുടെ വിശദീകരണം.
എന്താണ് തത്കാൽ ടിക്കറ്റ്?
ഇന്ത്യൻ റെയിൽവേയിൽ അവസാന നിമിഷം ബുക്കിങ് നടത്താവുന്ന ഒരു ഓപ്ഷനാണ് തത്കാൽ ടിക്കറ്റ്. ഐ.ആർ.സി.ടി.സി ആപ്പ് വഴിയും വെബ്‌സൈറ്റ് വഴിയും തത്കാൽ ടിക്കറ്റുകൾ ലഭ്യമാകും. യാത്രക്ക് ഒരുദിവസം മുമ്പ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയും. പരിമിതമായ സീറ്റുകൾ മാത്രമേ തത്കാൽ ടിക്കറ്റിൽ ലഭ്യമാകൂ.
തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന നിലവിലെ സമയം
ഐ.ആർ.സി.ടി.സി പ്രകാരം, ട്രെയിൻ പുറപ്പെടുന്ന സ്റ്റേഷനിൽ നിന്നുള്ള യാത്ര ഒഴികെ, തെരഞ്ഞെടുത്ത ട്രെയിനുകളിൽ ഒരുദിവസം മുൻകൂട്ടി തത്കാൽ ഇ- ടിക്കറ്റ് ബുക്ക് ചെയ്യാം. എ.സി ക്ലാസുകൾ (2എ/3എ/സി.സി/ഇ.സി/3ഇ) രാവിലെ 10:00നും നോൺ എ.സി ക്ലാസുകൾ (എസ്.എൽ/എഫ്.സി/2എസ്) രാവിലെ 11:00നും ബുക്ക് ചെയ്യാം. ഫസ്റ്റ് ക്ലാസ് ഒഴികെയുള്ള എല്ലാ ക്ലാസ്സുകളിലും തത്കാൽ ബുക്കിങ് അനുവദനീയമാണ്.
തത്കാൽ ടിക്കറ്റുകൾക്ക് യാത്രക്കാർ എത്ര അധിക തുക നൽകണം?
സാധാരണ ടിക്കറ്റിന് പുറമേ ഓരോ യാത്രക്കാരനും തത്കാൽ ടിക്കറ്റുകൾക്ക് അധിക പണം നൽകണം. സെക്കൻഡ് ക്ലാസിന് അടിസ്ഥാന നിരക്കിന്റെ 10 ശതമാനവും മറ്റ് എല്ലാ ക്ലാസുകൾക്കും അടിസ്ഥാന നിരക്കിന്റെ 30 ശതമാനവും തത്കാൽ നിരക്കുകൾ നിശ്ചയിച്ചിട്ടുണ്ട്.
റദ്ദാക്കൽ നിരക്ക്
സ്ഥിരീകരിച്ച തത്കാൽ ടിക്കറ്റ് റദ്ദാക്കുന്നതിന് റീഫണ്ട് ലഭിക്കുകയില്ല. എന്നാൽ തത്കാൽ ബുക്കിങ്ങിലും വെയ്റ്റിങ് ലിസ്റ്റിലുള്ള യാത്രക്കാരൻ ടിക്കറ്റ് റദ്ദാക്കിയാൽ നിലവിലുള്ള റെയിൽവേ നിരക്കുകൾ അനുസരിച്ച് പണം തിരികെ ലഭിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

