കൂട്ടായ നേതൃത്വമാണ് ആവശ്യം, കോൺഗ്രസിനെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് മല്ലികാർജുൻ ഖാർഗെ
text_fieldsന്യൂഡൽഹി: കോൺഗ്രസിനെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് അധ്യക്ഷ സ്ഥാനാർഥി മല്ലികാർജുൻ ഖാർഗെ. കൂട്ടായ നേതൃത്വത്തിലാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗുവാഹതിയിൽ വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ള കോൺഗ്രസ് പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിന്‍റെ ഉദയ്പൂർ ചിന്തൻശിബിരത്തിലെ തീരുമാനങ്ങൾ നടപ്പാക്കുന്നതിനാണ് പ്രാധാന്യം നൽകുക. 50 വയസ്സിൽ താഴെയുള്ളവരെയും ഒ.ബി.സി, എസ്.സി, എസ്.ടി വിഭാഗക്കാരെയും നേതൃസ്ഥാനങ്ങളിലേക്ക് പരിഗണിച്ച് പാർട്ടിക്ക് പുതുരക്തം നൽകും.
ചർച്ചകളിലും കൂട്ടായ തീരുമാനങ്ങളിലുമാണ് തനിക്ക് വിശ്വാസം. ആരും എന്നെ പിന്തുടരുന്നതിൽ കാര്യമില്ല. എന്നോടൊപ്പം നടക്കുകയാണ് വേണ്ടത്. ഒന്നിച്ച് കോൺഗ്രസിനെ സംഘടനാപരമായി കരുത്തുള്ളതാക്കാം.
സോണിയ ഗാന്ധിയാണ് കോൺഗ്രസിനെ നയിക്കാനുള്ള ചുമതല തനിക്കുണ്ടെന്ന് നിർദേശിച്ചതെന്ന് ഖാർഗെ പറഞ്ഞു. അധ്യക്ഷ സ്ഥാനത്തേക്ക് മൂന്ന് പേരുകൾ നിർദേശിക്കാമെന്നാണ് ഞാൻ സോണിയയെ അറിയിച്ചത്. എന്നാൽ, പേര് ചോദിക്കാനല്ല വിളിപ്പിച്ചതെന്നും കോൺഗ്രസിനെ നയിക്കാനുള്ള ഉത്തരവാദിത്തം നൽകുകയാണെന്നും സോണിയ പറഞ്ഞുവെന്ന് ഖാർഗെ വ്യക്തമാക്കി.
ഒക്ടോബർ 17നാണ് കോൺഗ്രസ് അധ്യക്ഷനെ തീരുമാനിക്കാനുള്ള സംഘടനാ തെരഞ്ഞെടുപ്പ്. 19നാണ് ഫലപ്രഖ്യാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

