വിജയിക്ക് ഉപാധികളോടെ പിന്തുണ; തമിഴ്‌നാട്ടിൽ കോൺഗ്രസ് ഡി.എം.കെ സഖ്യം വിട്ടു
text_fieldsചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ 108 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ തമിഴക വെട്രി കഴകം (ടി.വി.കെ)യെ സർക്കാർ രൂപീകരണത്തിന് പിന്തുണക്കാൻ തീരുമാനിച്ച കോൺഗ്രസ് ഡി.എം.കെ സഖ്യം വിട്ടു. നേരത്തെതന്നെ കോൺഗ്രസ് നടൻ വിജയ് നയിക്കുന്ന ടി.വി.കെക്ക് പിന്തുണ അറിയിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി.എം.കെക്കൊപ്പമായിരുന്നു കോൺഗ്രസ് മത്സരിച്ചത്. അഞ്ചു സീറ്റുള്ള കോൺഗ്രസിന്റെ പിന്തുണ ലഭിച്ചതോടെ ഡി.എം.കെ സഖ്യത്തിൽ മത്സരിച്ച ഇടത് അടക്കമുള്ള ചെറു കക്ഷികളുടെ പിന്തുണ കൂടി നേടിയെടുക്കാനുള്ള നീക്കത്തിലാണ് ടി.വി.കെ.
അതേസമയം സർക്കാർ രൂപീകരിക്കുന്നതിനുള്ള അവകാശവാദം ഉന്നയിച്ച് വിജയ് ഇന്ന് ഗവർണറെ സമീപിക്കുമെന്നും നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. അഞ്ച് സീറ്റ് നേടിയ കോൺഗ്രസ് തമിഴ്നാട്ടിൽ ഡി.എം.കെ സഖ്യം വിട്ടതോടെ ദേശീയ തലത്തിൽ ഇൻഡ്യാ സഖ്യത്തിന് തിരിച്ചടിയാവുമോ എന്നും ആശങ്കയുണ്ട്.
വിജയിയെ പിന്തുണക്കുന്ന കാര്യം കോൺഗ്രസ് സ്ഥിരീകരിച്ചു. ഇന്ത്യൻ ഭരണഘടനയിൽ വിശ്വസിക്കാത്ത വർഗീയ ശക്തികളെ അധികാരത്തിൽ നിന്ന് അകറ്റി നിർത്തുന്നതിന് നിബന്ധനകളോടെയാണ് ടി.വി.കെക്ക് പിന്തുണ നൽകുന്നതെന്നും കോൺഗ്രസ് അറിയിച്ചു. കാബിനറ്റിൽ രണ്ടു മന്ത്രിസ്ഥാനം കോൺഗ്രസ് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.
234 അംഗ തമിഴ്‌നാട് നിയമസഭയിൽ ഭൂരിപക്ഷത്തിന് 118 എം.എൽ.എമാരുടെ പിന്തുണ വേണം.ടി.വി.കെ 108 സീറ്റുകൾ നേടി. ഡി.എം.കെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസ് അഞ്ച് സീറ്റുകൾ നേടിയിട്ടുണ്ട്. ഇവരുടെ പിന്തുണ ലഭിക്കുന്നതോടെ സീറ്റുകളുടെ എണ്ണം 113 ആയി.മറ്റ് പ്രധാന ഡി.എം.കെ സഖ്യകക്ഷികളായ സി.പി.ഐ (രണ്ട് സീറ്റുകൾ), സി.പി.എം (രണ്ട് സീറ്റുകൾ), വി.സി.കെ (രണ്ട് സീറ്റുകൾ) എന്നിവരുടെ പിന്തുണ പ്രതീക്ഷിക്കുന്നതായി ടി.വി.കെയിലെ വൃത്തങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവരുടെ പിന്തുണ ഉറപ്പിക്കാൻ തിരക്കിട്ട നീക്കങ്ങളും നടക്കുന്നുണ്ട്.എന്നാൽ വോട്ടെടുപ്പിൽ നിന്ന് ഡി.എം.കെ വിട്ടുനിൽക്കുമെന്നാണ് റിപ്പോർട്ടുകൾ. ഡി.എം.കെ 59 സീറ്റുകൾ മാത്രം നേടി. എ.ഐ.എ.ഡി.എം.കെ 47 സീറ്റുകളും നേടി.
എന്നാൽ തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ ടി.വി.കെയെ കോൺഗ്രസ് പിന്തുണയ്ക്കുന്നതിൽ ശക്തമായ എതിർപ്പുമായി ഡി.എം.കെ രംഗത്തെത്തിയിട്ടുണ്ട്.കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുകയാണെന്ന് ഡി.എം.കെ വക്താവ് ശരവണൻ അണ്ണാദുരൈ ആരോപിച്ചു. ഡി.എം.കെയുമായി സഖ്യം ചേർന്നതുകൊണ്ടാണ് തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അഞ്ച് സീറ്റുകൾ ലഭിച്ചതെന്നും അല്ലെങ്കിൽ ഒരു സീറ്റും ലഭിക്കില്ലായിരുന്നുവെന്നും ശരവണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

