നവരാത്രി ആഘോഷം: മാംസ വിൽപന നിരോധനം കർശനമായി നടപ്പാക്കും -സൗത്ത് ഡൽഹി മേയർ
text_fieldsന്യൂഡൽഹി: നവരാത്രി ആഘോഷത്തിന്‍റെ ഭാഗമായി മാംസ വിൽപനക്ക് ഏർപ്പെടുത്തിയ നിരോധനം കർശനമായി നടപ്പാക്കുമെന്ന് സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ മേയർ. എപ്രിൽ 11 വരെ മാംസ വിൽപന കേന്ദ്രങ്ങൾ അടച്ചിടുന്നത് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോർപറേഷൻ മേയർ മുകേഷ് സൂര്യൻ കമീഷണർ ഗ്യാനേഷ് ഭാരതിക്ക് കത്തയച്ചു.
ദുർഗാ പൂജയുടെ സമയത്തു ഡൽഹിയിലെ 99 ശതമാനം ആളുകളും ഒമ്പതു ദിവസം വെജിറ്റേറിയൻ ഭക്ഷണം ആയിരിക്കും കഴിക്കുക. മദ്യവും മാംസവും ചില സുഗന്ധദ്രവ്യങ്ങളും അവർ വർജിക്കും. ഈ സമയത്ത് പൊതുസ്ഥലത്തു മാംസം വിൽക്കുന്നതു കണ്ടാൽ അവർക്കു അസ്വസ്ഥത ഉണ്ടാകാൻ സാധ്യതയുണ്ട്. ചില വിൽപനക്കാർ വഴിയരികിൽ മാംസ മാലിന്യം തള്ളുന്നു. ഈ സാഹചര്യത്തിൽ മാംസ വിൽപ കേന്ദ്രങ്ങൾ അടച്ചിടാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്നും കമീഷണർക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷന് കീഴിൽ 1,500ഓളം മാംസ വിൽപന കടകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിരോധനം കർശനമായി നടപ്പാക്കുമെന്നും മാംസം വിൽക്കാതായാൽ ആളുകൾ അത് കഴിക്കില്ലെന്നും മേയർ പറഞ്ഞു. ഡൽഹിക്കാരുടെ വികാരം കണക്കിലെടുത്താണ് തീരുമാനം. നവരാത്രി സമയത്ത് കടകൾ പൂട്ടുമെന്ന് ഉറപ്പുനൽകിയാൽ മാത്രമേ ഭാവിയിൽ മാംസ വിൽപന ശാലകളുടെ ലൈസൻസ് പുതുക്കി നൽകുകയുള്ളൂവെന്നും മേയർ കൂട്ടിച്ചേർത്തു. ആദ്യമായിട്ടാണ് ഡൽഹിയിൽ മാസം വിൽപനക്ക് നിരോധനം ഏർപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

