ബി.ജെ.പിക്കെതിരെ ഇൻഡ്യയെ ശക്തിപ്പെടുത്തും; ബംഗാളിൽ തൃണമൂലിനെ എതിർക്കും -സി.പി.എം
text_fieldsകൊൽക്കത്ത: ദേശീയതലത്തിൽ ബി.ജെ.പിക്കെതിരെ ഇൻഡ്യ സഖ്യത്തെ ശക്തിപ്പെടുത്തുമെന്നും അതേസമയം, പശ്ചിമ ബംഗാളിൽ ബി.ജെ.പിയെയും തൃണമൂൽ കോൺഗ്രസിനെയും ഒരുപോലെ എതിർക്കുമെന്നും സി.പി.എം കേന്ദ്രകമ്മറ്റി അംഗം സുജൻ ചക്രവർത്തി. സി.പി.എം ഇൻഡ്യ ബ്ലോക്ക് കോർഡിനേഷൻ കമ്മിറ്റിയുടെ ഭാഗമാകില്ല. എന്നാൽ ബി.ജെ.പിക്കെതിരെ ശക്തമായി പ്രവർത്തിക്കും -അദ്ദേഹം വ്യക്തമാക്കി.
ബി.ജെപിക്കും രാജ്യത്തുടനീളമുള്ള വർഗീയ ശക്തികൾക്കുമെതിരായ നിലപാടിൽനിന്ന് ഞങ്ങൾ പിന്മാറില്ല. എന്നാൽ പശ്ചിമ ബംഗാളിലെ കാവി പാർട്ടിക്കും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസി (ടി.എം.സി)നുമെതിരെ ഒരുപോലെ പോരാടും -സുജൻ ചക്രവർത്തി വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.
മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ടി.എം.സിയും പ്രതിപക്ഷ സഖ്യമായ ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസിന്റെ (ഇൻഡ്യ) ഭാഗമാണ്. ‘ഓരോ സംസ്ഥാനത്തും വ്യത്യസ്ത അടിസ്ഥാന യാഥാർത്ഥ്യങ്ങളുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനത്തിന് സമാനമല്ല കേരളത്തിലെയും പശ്ചിമ ബംഗാളിലെയും സ്ഥിതി. ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ ടിഎംസി പോലുള്ള പ്രാദേശിക ശക്തികളിൽ നിന്ന് വ്യത്യസ്തമായി ദേശീയ പാർട്ടി എന്ന നിലയിൽ നിർണായക പങ്ക് വഹിക്കാനുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു’ -അദ്ദേഹം പറഞ്ഞു.
അതേസമയം, സി.പി.എമ്മിന് അവരുടെതായ നിലപാടുണ്ടെന്നും ബിജെപിക്കെതിരായ പോരാട്ടത്തിൽ സമാന ചിന്താഗതിക്കാരായ എല്ലാ പാർട്ടികളെയും ടി.എം.സി എപ്പോഴും സ്വാഗതം ചെയ്യാറുണ്ടെന്നും തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി മാധ്യമപ്രവർത്തകരോട് പറഞ്ഞു.