ഇനി മുന്നണി മാറ്റമില്ല; എൻ.ഡി.എയിൽ ഉറച്ചുനിൽക്കുമെന്ന് നിതീഷ് കുമാർ
text_fieldsപട്ന: യുടേണടിച്ച് എൻ.ഡി.എയിൽ എത്തിയതിന് പിന്നാലെ ഇനി മുന്നണി മാറ്റമില്ലെന്ന് പ്രഖ്യാപിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. താൻ ഇത്രയും നാൾ അവിടെയും ഇവിടെയുമായിരുന്നു. ഒടുവിൽ എൻ.ഡി.എയിൽ തിരിച്ചെത്തി. ഇനി എൻ.ഡി.എയിൽ തന്നെ ഉറച്ചുനിൽക്കുമെന്ന് നിതീഷ് കുമാർ പറഞ്ഞു.
ബി.ജെ.പിയും ജെ.ഡി.യുവും മുമ്പ് ഒരുമിച്ചായിരുന്നു. അതിനിടക്ക് താൻ അവിടെയും ഇവിടേയും പോയി. പക്ഷേ ഒരിക്കൽ കൂടി താൻ ഇവിടെ തിരിച്ചെത്തിയിരിക്കുകയാണ്. ഇനി ഇവിടെ തന്നെ ഉറച്ചുനിൽക്കുമെന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് നിതീഷ് കുമാറിന്റെ മറുപടി.
ബിഹാറിന് പ്രത്യേക പാക്കേജ് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ എന്നിവരിൽ നിന്ന് ഉറപ്പു ലഭിച്ചോയെന്ന ചോദ്യത്തിന് തങ്ങൾ 2005 മുതൽ ബിഹാറിന്റെ വികസനത്തിനായി പ്രവർത്തിക്കുകയാണെന്നും അത് തുടരുകയാണെന്നും നിതീഷ് പറഞ്ഞു. എല്ലാ ചർച്ചകളും നന്നായി മുന്നോട്ട് പോവുന്നുണ്ടെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ എന്നിവരുമായി നിതീഷ് ചർച്ച നടത്തിയിരുന്നു. കൂടിക്കാഴ്ചക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

