‘നല്ല വാർത്ത ലഭിക്കും’; തെരഞ്ഞെടുപ്പിൽ അനുകൂല ഫലമുണ്ടാകുമെന്ന് എം.കെ. സ്റ്റാലിൻ
text_fieldsചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ അനുകൂല വിധിയുണ്ടാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ. സ്റ്റാലിൻ. മേയ് നാലിന് നല്ല വാർത്ത വാർത്ത ലഭിക്കുമെന്നായിരുന്നു സ്റ്റാലിന്റെ പ്രതികരണം. ചെന്നൈയിലെ ചിന്താദ്രിപേട്ടിലെ മേയ് ദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേയ് നാലിന് അനുകൂലമായ തെരഞ്ഞെടുപ്പ് ഫലമുണ്ടാകും. പാർട്ടി പ്രവർത്തകരുടെ പരിശ്രമം മൂലമാണ് ഇത് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. തന്റെ സർക്കാർ ‘എല്ലാവർക്കും എല്ലാം’ എന്ന നയത്തോടെയാണ് പ്രവർത്തിക്കുന്നത്. മേയ് ദിന സ്മാരക പാർക്കിന്റെയും സ്മാരകത്തിന്റെയും നിർമാണത്തിന് വ്യക്തിപരമായി മേൽനോട്ടം വഹിച്ച തന്റെ പിതാവും ഡി.എം.കെ സ്ഥാപകനുമായ എം. കരുണാനിധിയുടെ പാത പിന്തുടരാനുള്ള പ്രതിബദ്ധതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
‘നാലാം തീയതി തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരും. നിങ്ങൾക്ക് നല്ല വാർത്ത ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ‘എല്ലാവർക്കും എല്ലാം’ എന്ന നയത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് പറയാൻ ആഗ്രഹിക്കുന്നു. ഈ മേയ് ദിന സ്മാരക പാർക്കും സ്മാരകവും തലൈവർ കലൈഞ്ജറാണ് സൃഷ്ടിച്ചത്. ഇതിന്റെ നിർമാണത്തിന് വ്യക്തിപരമായി മേൽനോട്ടം വഹിക്കാൻ അദ്ദേഹം നിരവധി തവണ ഈ സ്ഥലം സന്ദർശിച്ചു. തൊഴിലാളികളെയും അവരുടെ അവകാശങ്ങളെയും അദ്ദേഹം എത്രമാത്രം വിലമതിച്ചിരുന്നുവെന്ന് ഇത് കാണിക്കുന്നു. അദ്ദേഹത്തിന്റെ കാൽപ്പാടുകൾ പിന്തുടർന്ന് നാമെല്ലാവരും ഒരേ മനസ്സോടെ ഒരുമിച്ച് പ്രവർത്തിക്കും’ -എം.കെ. സ്റ്റാലിൻ പറഞ്ഞു.
ജോലിക്കുള്ള കൂലി ഒരു തൊഴിലാളിയുടെ അവകാശമാണ്. അതുപോലെ ഈ തെരഞ്ഞെടുപ്പിൽ നമ്മുടെ പാർട്ടി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലം വരുന്ന നാലാം തീയതി അറിയാൻ കഴിയും. അതിൽ ഒരു മാറ്റവുമില്ല. ഏതെങ്കിലും അഭിപ്രായ വോട്ടെടുപ്പുകളുടെ അടിസ്ഥാനത്തിലല്ല ഇത് പറയുന്നത്. മറിച്ച് നമ്മുടെ പാർട്ടി പ്രവർത്തകരുടെ വികാരങ്ങൾ മനസ്സിലാക്കുന്നതിനാലാണ്’ -അദ്ദേഹം കൂട്ടിച്ചേർത്തു. മേയ് ദിനം തൊഴിലാളികളുടെ അന്തസ്സ്, മൂല്യം, അവകാശങ്ങൾ എന്നിവയുടെ പ്രതീകമാണെന്ന് പറഞ്ഞ അദ്ദേഹം തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുകയും ന്യായമായ വേതനം ഉറപ്പാക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

