"അതിർത്തിക്കപ്പുറത്തുനിന്നുള്ള ഭീകരാക്രമണങ്ങൾക്കെതിരെ തിരിച്ചടിക്കാൻ മടിക്കില്ല"; മുന്നറിയിപ്പുമായി രാജ്നാഥ് സിങ്
text_fieldsരാജ്നാഥ് സിങ്
ഗുവാഹത്തി: അതിർത്തിക്കപ്പുറത്ത് നിന്ന് രാജ്യത്തെ ആക്രമിക്കുന്ന ഭീകരർക്കെതിരെ നടപടിയെടുക്കാൻ ഇന്ത്യ മടിക്കില്ലെന്ന മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. 1971ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിൽ പങ്കെടുത്ത സൈനികരെ ആദരിക്കുന്ന പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. രാജ്യത്ത് നിന്ന് തീവ്രവാദം തുടച്ചുനീക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാറെന്നും അദ്ദേഹം പറഞ്ഞു.
"ഭീകരവാദത്തെ ശക്തമായി നേരിടുമെന്ന സന്ദേശം നൽകുന്നതിൽ ഇന്ത്യ വിജയിച്ചു. പുറത്ത് നിന്ന് ആരെങ്കിലും രാജ്യത്തെ ലക്ഷ്യമിട്ടാൽ അതിർത്തി കടക്കാൻ ഞങ്ങൾ മടിക്കില്ല"- രാജ്നാഥ് സിങ് പറഞ്ഞു.
പടിഞ്ഞാറൻ അതിർത്തിയുമായി താരതമ്യപ്പെടുത്തുമ്പോൾ രാജ്യത്തിന്റെ കിഴക്കൻ അതിർത്തിയിൽ കൂടുതൽ സമാധാനവും സ്ഥിരതയും അനുഭവപ്പെടുന്നുണ്ട്. ബംഗ്ലാദേശ് ഒരു സൗഹൃദ അയൽ രാജ്യമാണ്. കിഴക്കൻ മേഖലയിലെ നുഴഞ്ഞുകയറ്റ ഭീഷണി ഏതാണ്ട് അവസാനിച്ചു. കിഴക്കൻ അതിർത്തിയിൽ ഇപ്പോൾ സമാധാനവും സ്ഥിരതയുമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
രാജ്യത്തിന്‍റെ വടക്ക് കിഴക്കൻ ഭാഗങ്ങളിൽ ചുമത്തിയ അഫ്സ്പ നിയമം പിൻവലിച്ചതിനെതിരെയും സിങ് പ്രതികരിച്ചു. സൈന്യം എപ്പോഴും അഫ്സ്പ ചുമത്താൻ താൽപര്യം കാണിക്കുന്നെന്ന തരത്തിൽ ഒരു പൊതുതെറ്റിദ്ധാരണ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ അഫ്സ്പ ചുമത്തുന്നതിനുള്ള ഉത്തരവാദി സൈന്യമല്ലെന്നും അത് ഓരോ സ്ഥലത്തെ സാഹചര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.