ഇന്ധനപ്രതിസന്ധിയെ തുടർന്ന് ഇന്ത്യയിൽ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമോ ? മറുപടിയുമായി കേന്ദ്രമന്ത്രി
text_fieldsന്യൂഡല്‍ഹി: ഇന്ധനപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി. "ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ സർക്കാരിന് യാതൊരു പദ്ധതിയുമില്ല. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് അങ്ങേയറ്റം നിരുത്തരവാദപരമായ കാര്യമാണ്. ജനങ്ങൾ പരിഭ്രാന്തരാകാതെ ഐക്യത്തോടെ നിൽക്കണം," ഹര്‍ദീപ് സിങ് പുരി തന്റെ എക്സ് പേജിലൂടെ വ്യക്തമാക്കി.
നിലവിൽ ആഗോള രാഷ്ട്രീയത്തെ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും മന്ത്രി പറഞ്ഞു. എണ്ണയും മറ്റ് പെട്രോളിയം ഉല്‍പന്നങ്ങളും ആളുകളിലേക്ക് എത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം സാഹചര്യത്തില്‍ ശാന്തതയോടെ ഒരുമിച്ച് നിന്ന് പോരാടണമെന്നും ഹര്‍ദീപ് സിങ് പുരി നിര്‍ദേശിച്ചു.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില പിടിച്ചുനിര്‍ത്താനുള്ള നടപടിയുമായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് രംഗത്തെത്തി.
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. പെട്രോളിന്റെ എക്സൈസ് തീരുവ 13 രൂപയില്‍ നിന്ന് മൂന്ന് രൂപയാക്കിയാണ് കുറച്ചത്. ഡീസലിന്റെത് 10 രൂപയില്‍ നിന്ന് പൂജ്യമാക്കി കുറച്ചു. ഇന്ധനവില കൂടാതിരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നടപടിയെന്നാണ് സൂചന. എന്നാല്‍, ഇതുവരെ ഇന്ധനവിലയില്‍ എണ്ണകമ്പനികള്‍ മാറ്റം വരുത്തിയിട്ടില്ല.
2022 ഏപ്രിലിന് ശേഷം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് തുടങ്ങിയ എണ്ണ കമ്പനികളൊന്നും പെട്രോള്‍ ഡീസല്‍ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. ഈ മാസം ആദ്യം അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില 119 ഡോളര്‍ തൊട്ടിരുന്നു. ഇതിന് പിന്നാലെ ചില എണ്ണ കമ്പനികള്‍ പ്രീമിയം പെട്രോളിന്റെ വില രണ്ട് രൂപ വരെ വര്‍ധിപ്പിച്ചിരുന്നു.
അമേരിക്ക-ഇസ്രായേൽ-ഇറാൻ യുദ്ധവും ഹുർമുസ് കടലിടുക്കിലെ തടസ്സങ്ങളും ആഗോള ഇന്ധന വിപണിയെ ബാധിച്ചിട്ടുണ്ട്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു. പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ജനങ്ങളെ വിലക്കയറ്റത്തിൽ നിന്ന് സംരക്ഷിക്കാനാണ് ഈ ധീരമായ തീരുമാനമെടുത്തതെന്ന് അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

