കർഷകരുടെ വരുമാനം വർധിപ്പിക്കും, ഗ്രാമങ്ങളെ കരുത്തുറ്റതാക്കും; ബജറ്റിനെ പ്രശംസിച്ച് പ്രധാനമന്ത്രി
text_fieldsപ്രധാനമന്ത്രി നരേന്ദ്ര മോദി
ജലന്ധർ: പാർലമെന്റിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് പാവപ്പെട്ടവരെ ശാക്തീകരിക്കുന്നതിനും കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും ഗ്രാമങ്ങളെ കൂടുതൽ കരുത്തുറ്റതാക്കുന്നതിനും സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഞ്ചാബിലെ ജലന്ധറിൽ സന്ത് രവിദാസിന്റെ 649-ാം ജയന്തി ആഘോഷങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് രാവിലെ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് 2026, 'വികസിത ഭാരതം' എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
'കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനും അവർക്ക് കൂടുതൽ സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കുന്നതിനും പുതിയ ബജറ്റ് ഊന്നൽ നൽകുന്നു. യുവതലമുറക്കും സ്ത്രീശക്തിക്കും മുൻഗണന നൽകുന്നതിലൂടെ രാജ്യം 'ആത്മനിർഭർ ഭാരത്', 'മെയ്ക് ഇൻ ഇന്ത്യ' പദ്ധതികളിൽ വലിയ കുതിച്ചുചാട്ടം നടത്തും' എന്ന് പ്രധാനമന്ത്രി പറഞ്ഞു. സന്ത് രവിദാസിന്റെ സമത്വവും മാനവികതയും ഉയർത്തിപ്പിടിക്കുന്ന കാഴ്ചപ്പാടുകളാണ് സർക്കാർ പദ്ധതികളുടെ അടിസ്ഥാനമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
പഞ്ചാബ് സന്ദർശനത്തിനിടെ സംസ്ഥാനത്തെ വ്യോമയാന മേഖലയിൽ വലിയ വികസന പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു. ജലന്ധറിലെ ആദംപൂർ വിമാനത്താവളത്തിന് 'ശ്രീ ഗുരു രവിദാസ് മഹാരാജ് ജി' വിമാനത്താവളം എന്ന പുതിയ പേര് പ്രധാനമന്ത്രി അനാവരണം ചെയ്തു. സന്ത് രവിദാസിനോടുള്ള ആദരസൂചകമായാണ് ഈ പേര് നൽകിയതെന്ന് മോദി പറഞ്ഞു.
കൂടാതെ ലുധിയാനയിലെ ഹൽവാര വിമാനത്താവളത്തിലെ പുതിയ സിവിൽ ടെർമിനൽ മന്ദിരവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. വലിയ വിമാനങ്ങൾക്ക് (A320 ടൈപ്പ്) ലാൻഡ് ചെയ്യാൻ കഴിയുന്ന നീളമേറിയ റൺവേയാണ് ഇവിടെയുള്ളത്. റെയിൻ വാട്ടർ ഹാർവെസ്റ്റിങ്, എൽ.ഇ.ഡി ലൈറ്റിങ് തുടങ്ങിയ അത്യാധുനിക ഹരിത സാങ്കേതികവിദ്യകൾ ടെർമിനലിൽ ഒരുക്കിയിട്ടുണ്ട്. പഞ്ചാബിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന രീതിയിലാണ് ടെർമിനലിന്റെ നിർമാണം. ഇതുമൂലം ലുധിയാനയിലെ വ്യവസായ മേഖലക്കും കാർഷിക മേഖലക്കും വലിയ രീതിയിലുള്ള ഉണർവ് നൽകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

