സ്വന്തം വീട്ടിലേക്ക് കൊണ്ടുപൊയ്ക്കൂടെ, എന്തിനാണ് അലയാൻ വിടുന്നത്...? -നായ് സ്നേഹികളോട് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: തെരുവ് നായ് വിഷയത്തിലെ കേസുകളിൽ നടക്കുന്ന വാദത്തിനിടെ നായ് സ്നേഹികൾക്കെതിരെ വീണ്ടും വിമർശനവുമായി സുപ്രീംകോടതി. ഒമ്പത് വയസ്സുള്ള കുട്ടിയെ അടക്കം തെരുവ്നായ് ആക്രമിക്കുമ്പോൾ ആരാണ് അതിന് ഉത്തരവാദിയെന്ന് കോടതി ചോദിച്ചു.
നായ്ക്കൾക്ക് ഭക്ഷണം നൽകുന്ന സംഘടനയാണോ ഇതിന് ഉത്തരവാദി? ഇത്തരം പ്രശ്നങ്ങൾക്കുനേരെ ഞങ്ങൾ കണ്ണടക്കണമെന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? നായ്ക്കളുടെ കടിയേറ്റാലും മരണമുണ്ടായാലും അവർ ഉത്തരവാദികളായിരിക്കണം. അവയെ നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോകുക, അവിടെ സൂക്ഷിക്കുക. എന്തിനാണ് അവയെ ചുറ്റിനടന്ന് കടിക്കാൻ വിടുന്നത്? -കോടതി ചോദിച്ചു.
എ.ബി.സി നിയമങ്ങൾ നടപ്പിലാക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ടു എന്ന് പറഞ്ഞ സുപ്രീം കോടതി എല്ലാ സംസ്ഥാന സർക്കാറുകളെയും രൂക്ഷമായി വിമർശിച്ചു. നായ്ക്കളുടെ കടിയേറ്റ് മരിച്ച പുരുഷനും സ്ത്രീക്കും കുട്ടിക്കും നൽകാൻ ഉത്തരവാദിത്തപ്പെട്ട സർക്കാറുകൾക്ക് കനത്ത നഷ്ടപരിഹാരം ചുമത്തുമെന്നും സുപ്രീംകോടതി ബെഞ്ച് പറഞ്ഞു.
നേരത്തെ, തെരുവുനായ് വിഷയത്തിൽ യാഥാർഥ്യം മനസ്സിലാക്കി സംസാരിക്കണമെന്ന് സുപ്രീംകോടതി നായ്സ്നേഹികളോട് നിർദേശിച്ചിരുന്നു. ആളുകളെ കടിച്ച നായ്ക്കൾക്ക് ജോർജിയയിലും അർമേനിയയിലുമൊക്കെ കളർ-കോഡഡ് കോളർ ഇടുന്ന പതിവുണ്ടെന്നും ആക്രമണകാരികളായ നായ്ക്കകളെ വേർതിരിച്ചറിയാൻ ഇവിടെയും ഇത്തരം സംവിധാനം വേണമെന്ന ഹരജി പരിഗണിച്ചപ്പോൾ, ആ രാജ്യങ്ങളിലെ ജനസംഖ്യ എത്രയാണെന്ന് അറിയാമോ എന്നും യാഥാർഥ്യം മനസ്സിലാക്കി സംസാരിക്കണമെന്നും അഭിഭാഷകനോട് പറഞ്ഞിരുന്നു.
തെരുവുനായ്ക്കളെ ഇല്ലാതാക്കിയാൽ എലികൾ പെരുകുമെന്നും സന്തുലിതാവസ്ഥ നഷ്ടപ്പെടുമെന്നും ചൂണ്ടിക്കാട്ടിയ മൃഗസ്നേഹികളോട്, കൂടുതൽ പൂച്ചകളെ വളർത്തി അത് പരിഹരിക്കാമെന്നും സുപ്രീംകോടതി നേരത്തെ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

