തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുംവരെ പോരാടും -കോൺഗ്രസ്
text_fieldsന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (എം.ജി.എൻ.ആർ.ഇ.ജി.എ) യഥാർഥ രൂപത്തിൽ പുനഃസ്ഥാപിക്കുന്നതുവരെ പോരാടുമെന്ന് കോൺഗ്രസ്. അടുത്ത ആഴ്ച ആരംഭിക്കാനിരിക്കുന്ന പാർലമെന്റ് ബജറ്റ് സമ്മേളനത്തിൽ പുതിയ നിയമത്തിനെതിരെ പ്രതിഷേധം കടുപ്പിക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വ്യക്തമാക്കി.
ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് വ്യാഴാഴ്ച തൊഴിലുറപ്പ് തൊഴിലാളികളെ പങ്കെടുപ്പിച്ച് നടത്തിയ ദേശീയ കൺവെഷനിൽ സംസാരിക്കുകയായിരുന്നു ഇരുവരും. കൺവെഷനിൽ 20 സംസ്ഥാനങ്ങളിൽ നിന്നായി 300 തൊഴിലാളികൾ പങ്കെടുത്തു.
ധർണകളിലൂടെയും പ്രകടനങ്ങളിലൂടെയും മാത്രം തൊഴിൽ അവകാശം ഉറപ്പുവരുത്തുന്ന പഴയ തൊഴിലുറപ്പ് നിയമം പുനഃസ്ഥാപിക്കപ്പെടില്ലെന്നും സ്ഥിരവും ദീർഘകാലവുമായ സമരം ആവശ്യമാണെന്നും ഖാർഗെ പറഞ്ഞു. ദരിദ്രർക്കും ദലിതർക്കും സഹായകരമായ പദ്ധതിയാണ് മോദി സർക്കാർ തകർത്തത്. മഹാത്മാഗാന്ധിയുടെ ഗ്രാമസ്വരാജ് എന്ന സങ്കൽപത്തെ തന്നെ ആക്രമിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതി റദ്ദാക്കുന്നത് രാജ്യത്തിന്റെ ഭരണഘടനക്കെതിരായ ആക്രമണത്തിന് തുല്യമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മൂന്ന് കാർഷിക കരിനിയമങ്ങൾ, നോട്ട് നിരോധനം, ജി.എസ്.ടി നടപ്പാക്കൽ എന്നിവയിലൂടെ മോദി സർക്കാർ ഭരണഘടനയെ ആക്രമിച്ചതുപോലെയാണിത്.
ആവശ്യമുള്ള ആർക്കും ആദരവോടും അന്തസ്സോടും കൂടി ജോലി നൽകുക എന്നതായിരുന്നു തൊഴിലുറപ്പ് പദ്ധതിയുടെ ലക്ഷ്യവും ഉദ്ദേശ്യവും. ഒരോ പൗരനും തൊഴിലവകാശം ഉറപ്പുനൽകുകയും ജോലി ആവശ്യപ്പെടാനുള്ള അവകാശം നൽകുകയും ചെയ്തു. മോദി സർക്കാറിന്റെ പുതിയ സമീപനം ആ അവകാശത്തെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ആധുനിക ഇന്ത്യയുടെ സങ്കൽപവും ആശയവും ഘടനയും നശിപ്പിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. ഐക്യപ്രതിരോധം സംഘടിപ്പിച്ച് കരിനിയമങ്ങൾ പിൻവലിപ്പിച്ച് കർഷകർ നമുക്ക് വഴി കാണിച്ചുതന്നിട്ടുണ്ട്. ഭരിക്കുന്നവർ ഭീരുക്കളാണ്, നാമെല്ലാവരും ഒരുമിച്ച് നിന്നാൽ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കാൻ അവർ നിർബന്ധിതരാകുമെന്നും രാഹുൽ പറഞ്ഞു. കെ.സി. വേണുഗോപാൽ, ജയ്റാം രമേശ് തുടങ്ങിയവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

