മരണം വരെ ഉത്തരകർണാടകയുടെ സംസ്ഥാനപദവിക്കായി പോരാടുമെന്ന് കോൺഗ്രസ് എം.എൽ.എ
text_fieldsബെൽഗാവി: മരണം വരെ ഉത്തരകർണാടകയുടെ സംസ്ഥാനപദവിക്കായി പോരാടുമെന്ന് കർണാടക കോൺഗ്രസ് എം.എൽ.എ രാജു കാഗെ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മേഖലയിലെ പ്രശ്നങ്ങളെ കുറിച്ചുള്ള ചർച്ചക്കിടെയാണ് അദ്ദേഹത്തിന്റെ പരാമർശം.
റവന്യു വകുപ്പ് ബെൽഗാവി ജില്ലയിലെ ഗാഗ്‍വാദിൽ പ്രജാൻസൗധ നിർമിക്കാൻ 8.6 കോടി രൂപയാണ് അനുവദിച്ചത്. എന്നാൽ, ദക്ഷിണകർണാടകയിലെ ചിക്ക്മംഗളൂരുവിൽ ഇത്തരത്തിൽ ഒരു കെട്ടിടം നിർമിക്കുന്നതിനായി 16 കോടിയാണ് വകയിരുത്തിയത്. എന്തുകൊണ്ടാണ് ഈ വിവേചനം.
എന്ത് തെറ്റാണ് ഞാൻ ചെയ്തത്. അതുകൊണ്ടാണ് പ്രത്യേക സംസ്ഥാനമെന്ന ആവശ്യം താൻ നിരന്തരമായി ഉന്നയിക്കുന്നത്. എല്ലാവരും ഇതിനെ എതിർത്താലും മരണം വരെയും പ്രത്യേക സംസ്ഥാനത്തിനായി പോരാടുമെന്ന് എം.എൽ.എ പറഞ്ഞു. മേഖലയിലെ ഓരോ മണ്ഡലത്തിലും വികസനത്തിനായി 10 കോടി രൂപ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തന്റെ മേഖലയിലെ ധനികരടക്കം ഇതുവരെ ബംഗളൂർ കണ്ടിട്ടില്ല. മേഖലയിലെ പിന്നാക്കവസ്ഥയെയാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്നും എം.എൽ.എ പറഞ്ഞു. ഇതിന് മുമ്പ് ഉത്തര കർണാടകയെ പ്രത്യേക സംസ്ഥാനമാക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എം.എൽ.എയുടെ അഭിപ്രായപ്രകടനം മുമ്പും വിവാദങ്ങൾക്ക് കാരണമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

