'മുസ്‍ലിം പെണ്ണുങ്ങൾ ലവ-കുശൻമാരെ പ്രസവിക്കണം; മുസ്‍ലിംകൾക്കെതിരെ ത്രിശൂല പ്രയോഗം നടത്തണം'
text_fieldsചിരിച്ചു കൊണ്ടു പറഞ്ഞാൽ വിദ്വേഷ പ്രസംഗമാകില്ല എന്ന കോടതിയുടെ പരാമർശം വന്നത് അടുത്തിടെയാണ്. അതിന് പിന്നാലെ വിദ്വേഷ പ്രസംഗങ്ങളുടെ ഒരു കൂമ്പാരമാണ് രാജ്യത്ത് സംഭവിച്ചിരിക്കുന്നത്. അതിലെ ഏറ്റവും ഒടുവിലത്തെ പ്രസംഗം കഴിഞ്ഞ ദിവസം പുറത്തുവന്നു. ഗുജറാത്തിലെ അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റ പരിപാടിയിലാണ് മുസ്‍ലിംകൾക്കെതിരെ കൊലവിളിയുമായി സന്യാസി പ്രസംഗിച്ചത്. ഹരിദ്വാറിലെ ധർമ സൻസദ് മാതൃകയിൽ മുസ്‌ലിംകൾക്കു നേരെ വിദ്വേഷം ചൊരിഞ്ഞായിരുന്നു പ്രസംഗം.
മുസ്‌ലിം യുവതികളെ ഹിന്ദുക്കൾ ഗർഭിണികളാക്കണമെന്നും ന്യൂനപക്ഷ സമുദായത്തിനെതിരെ ത്രിശൂല പ്രയോഗം നടത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പരിപാടിയിൽ അയ്യായിരം ത്രിശൂലങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. സമ്മേളനത്തിൽ പ്രവീൺ തൊഗാഡിയയുടെ സഹായി മനോജ് കുമാർ സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
'മുസ്‌ലിം സ്ത്രീ ബജ്‌റംഗി യുവാവിനെ കാത്തിരിക്കുകയാണ്. അവർ ഹിജാബ് അഴിച്ചുവക്കാൻ ആഗ്രഹിക്കുന്നു. എനിക്ക് ലവ കുശന്മാരെ പ്രസവിക്കണം എന്ന ആഗ്രഹത്തോടെയാണ് അവരതു ചെയ്യുന്നത്. ഹനുമാന്റെ നെഞ്ചിൽ രാമനുണ്ടായിരുന്നു. കോടിക്കണക്കിന് ഹിന്ദുക്കളുടെ നെഞ്ചിൽ ഡോ. തൊഗാഡിയയുണ്ട്' -മനോജ് കുമാർ പ്രസംഗിച്ചു. ഹിന്ദു ഉണർന്നപ്പോഴാണ് മുസഫർ നഗർ കലാപം സംഭവിച്ചത് എന്നും ശിവജിയെ പോലെ മുസ്‌ലിംകൾക്കെതിരെ ത്രിശൂലം പ്രയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
(മനോജ് കുമാറിന്റെ പ്രസംഗത്തിലെ അധിക ഭാഗങ്ങളും പ്രസിദ്ധീകരിക്കാൻ കഴിയാത്തത്ര ഗുരുതരമായതിനാൽ ഒഴിവാക്കിയിട്ടുണ്ട്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

