കെജ്‌രിവാളിന്‍റെയും സത്യേന്ദർ ജെയിനിന്‍റെയും തനി നിറം തുറന്ന് കാട്ടും- സുകേഷ് ചന്ദ്രശേഖർ
text_fieldsന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും സത്യേന്ദർ ജെയിനുമെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖറിന്‍റെ പുതിയ കത്ത്. അരവിന്ദ് കെജ്‌രിവാളിന്‍റെ തനി നിറം താൻ തുറന്ന് കാട്ടുമെന്ന് കത്തിൽ പറഞ്ഞു.
ഇത് നിങ്ങളുടെ രാഷ്ട്രീയ ജീവിതം അവസാനിക്കുന്നതിന്‍റെ തുടക്കം മാത്രമാണെന്ന് ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പും ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് ഫലവും പരാമർശിച്ച് സുകേഷ് പറഞ്ഞു. യഥാർഥ നിറം പുറത്ത് വരുന്നതോടെ എല്ലാവരും നിങ്ങളെ തള്ളിപറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കത്തുകൾ എഴുതാൻ ആരും തന്നിൽ സമ്മർദ്ദം ചെലുത്തിയിട്ടില്ല. കെജ്‌രിവാളിനെ വിമർശിച്ച് കൊണ്ട് കത്തെഴുതിയത് ബി.ജെ.പിയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന് വെളിപ്പെടുത്താൻ എ.എ.പി തന്നെ നിർബന്ധിച്ചെന്നും സുകേഷ് കുറ്റപ്പെടുത്തി.
"തെരഞ്ഞെടുപ്പിന് മുമ്പും ഇപ്പോഴുമുള്ള എല്ലാ കത്തുകളും പ്രസ്താവനകളും താൻ സ്വയം എഴുതിയതാണ്. കത്തിൽ പരാമർശിച്ച കാര്യങ്ങൾ പൂർണമായും സത്യമാണ്. അവ ആരുടെയും സമ്മർദ്ദത്തിന് വഴങ്ങി എഴുതിയതല്ല"- സുകേഷ് പറഞ്ഞു.
ഡൽഹി മന്ത്രി സത്യേന്ദർ ജെയിനും തിഹാർ ജയിൽ ഡയറക്ടർ ജനറലും തന്നെ ഭീഷണിപ്പെടുത്തുകയാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെ സുകേഷിന്‍റെ കത്ത് പുറത്ത് വന്നിരുന്നു. 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് സുകേഷ് ചന്ദ്രശേഖർ ജയിലിൽ കഴിയുന്നത്.