തൊലിയുരിക്കുക മാത്രമല്ല, നാവരിയുകയും ചെയ്യും -ചന്ദ്രശേഖര റാവുവിന് മറുപടിയുമായി രേവന്ത് റെഡ്ഡി
text_fieldsഹൈദരാബാദ്: നിയമസഭയിൽ പ്രതിപക്ഷത്തിന്റെയും മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെയും വിമർശനങ്ങൾക്ക് മറുപടി നൽകുന്നതിനിടെ ഭീഷണിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. തെലങ്കാനയോടുള്ള പ്രതിബദ്ധത ചോദ്യം ചെയ്യുന്നവരുടെ നാവരിയുമെന്നാണ് രേവന്ത് റെഡ്ഡി പറഞ്ഞത്.
കെ. ചന്ദ്രശേഖര റാവു ഞങ്ങളെ തൊലിയുരിക്കുമെന്ന് പറഞ്ഞു. ഞങ്ങൾ അവരെ തൊലിയുരിക്കുക മാത്രമല്ല, നാവ് അരിഞ്ഞെടുക്കുകയും ചെയ്യും. നിങ്ങൾക്ക് എന്ത് വേണമെങ്കിലും സംസാരിക്കുകയും വിമർശിക്കുകയും ചെയ്യും, പക്ഷേ ഞങ്ങളുടെ പ്രതിബദ്ധതയെ ചോദ്യം ചെയ്താൽ നിങ്ങളുടെ നാവ് അരിയും -രേവന്ത് റെഡ്ഡി പറഞ്ഞു. നിങ്ങൾക്ക് ഇത് രേഖകളിൽനിന്ന് നീക്കം ചെയ്യാം, പക്ഷേ ജനങ്ങളുടെ മനസ്സിൽ രേഖപ്പെടുത്താൻ വേണ്ടിയാണ് ഈ പ്രസ്താവന ഔദ്യോഗികമായി നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.
പത്ത് വർഷത്തിൽ നിങ്ങൾ ഒന്നും ചെയ്തില്ല. പക്ഷേ കഴിഞ്ഞ രണ്ട് വർഷമായി വെള്ളം എത്തിക്കാനുള്ള അനുമതിക്ക് ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്തിനാണ് നിങ്ങൾ ഞങ്ങളെ അപമാനിക്കാൻ ശ്രമിക്കുന്നത്? -രേവന്ത് റെഡ്ഡി പറഞ്ഞു.
രേവന്ത് റെഡ്ഡിയുടെ അതിരുവിട്ട പ്രസംഗത്തിനിടെ പ്രതിപക്ഷം അടക്കം രംഗത്തുവന്നു. മുതിർന്ന ബി.ആർ.എസ് നേതാക്കളായ കെ.ടി. രാമറാവു, ടി. ഹരീഷ് റാവു എന്നിവർക്കെതിരെ സഭയിൽ വെച്ച് മോശം ഭാഷ ഉപയോഗിച്ചതിലൂടെ രേവന്ത് റെഡ്ഡി എല്ലാ ജനാധിപത്യ പരിധികളും ലംഘിച്ചു എന്ന് ബി.ജെ.പി വിമർശിച്ചു. ഇത് നിരാശ, ധാർഷ്ട്യം, അസഹിഷ്ണുത എന്നിവയാണ് കാണിക്കുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ യഥാർത്ഥ മുഖമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. അതിന് അന്തസ്സും ജനാധിപത്യ മൂല്യങ്ങളും ഇല്ലെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.
രേവന്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയ ബി.ആർ.എസ് നേതാവ് ദാസോജു ശ്രാവൺ കുമാർ, വിഷയത്തിൽ രാഹുൽ ഗാന്ധി ഇടപെടണമെന്നും ആഴശ്യപ്പെട്ടു. പാർലമെന്റിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് പാർട്ടിയിലെ മുതിർന്ന നേതാവുമായ രാഹുൽ ഗാന്ധിയോട് ഞാൻ ചോദിക്കുന്നു, തെലങ്കാനയ്ക്ക് നിങ്ങൾ എങ്ങനെയുള്ള മുഖ്യമന്ത്രിയെയാണ് നൽകിയത്? അദ്ദേഹം ഒരു മുഖ്യമന്ത്രിയാണോ അതോ വിലകുറഞ്ഞ മന്ത്രിയാണോ? നിയമസഭ ഒരു വലിയ തമാശ ആയി ചുരുക്കപ്പെട്ടു. ഇത്തരമൊരു മനോരോഗിയായ മുഖ്യമന്ത്രി ഇപ്പോൾ നിയമസഭയിൽ തന്റെ സഹ എം.എൽ.എമാരെ അധിക്ഷേപിക്കുകയാണെന്നും ദാസോജു ശ്രാവൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

