ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് യുടെ അമ്മ ആർ.എസ്.എസിന്റെ വിജയദശമി പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നുണ്ടോ?
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയിൽ അടുത്താഴ്ച ആർ.എസ്.എസ് സംഘടിപ്പിക്കുന്ന വിജയദശമി പരിപാടിയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് യുടെ അമ്മ കമൽതായ് ആർ. ഗവായ് പങ്കെടുക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം. ഒക്ടോബർ അഞ്ചിന് വൈകീട്ട് 6.30ന് നടക്കുന്ന പരിപാടിയുടെ സംഘാടകർ ആർ.എസ്.എസ് ആണ്.
നിലവിൽ കമൽതായ് ഗവായ് അവരുടെ വസതിയിൽ ഇല്ലെന്നാണ് റിപ്പോർട്ട്. അവരുടെ ഫോണും സ്വിച്ച്ഡ് ഓഫാണ്. അവർ പരിപാടിയിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്നാണ് പേഴ്സനൽ അസിസ്റ്റന്റ് നൽകുന്ന വിവരം.
എന്നാൽ പരിപാടിക്ക് വരുമെന്നാണ് ആദ്യം പറഞ്ഞിരുന്നതെന്ന് ആർ.എസ്.എസ് നേതാക്കൾ പറയുന്നു. തുടർന്നാണ് പരിപാടിയിലെ മുഖ്യാതിഥിയായി അവരെ ഉൾപ്പെടുത്തി ക്ഷണക്കത്ത് തയാറാക്കിയതെന്നും ആർ.എസ്.എസ് പറയുന്നു. ക്ഷണക്കത്ത് വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.
കേന്ദ്രസർക്കാറുമായി അടുത്തബന്ധമുള്ള ഒരു സംഘടന സംഘടിപ്പിക്കുന്ന പരിപാടിയിൽ ചീഫ് ജസ്റ്റിസിന്റെ അമ്മയുടെ സാന്നിധ്യമുണ്ടാക്കുന്ന വിവാദം കണക്കിലെടുത്താണ് അവർ പരിപാടിയിൽ നിന്ന് പിൻമാറാൻ കാരണമെന്നും വിലയിരുത്തലുകളുണ്ട്.
അടുത്തിടെ കോടതിയിൽ ചീഫ് ജസ്റ്റിസ് നടത്തിയ പരാമർശത്തിനെതിരെ വി.എച്ച്.പി രംഗത്തുവന്നിരുന്നു. തന്റെ വിഷ്ണു വിഗ്രഹത്തിന്റെ അറ്റകുറ്റപ്പണികൾക്കായി വിഷ്ണു ഭഗവാനോട് പ്രാർഥിക്കാനായിരുന്നു ചീഫ് ജസ്റ്റിസ് ഹരജിക്കാരനോട് പറഞ്ഞത്. ഹിന്ദു വിശ്വാസികളെ പരിഹസിക്കുന്നതാണ് ഇതെന്നായിരുന്നു വി.എച്ച്.പിയുടെ വിമർശനം. എന്നാൽ തന്റെ പരാമർശം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്ന് പിന്നീട് ചീഫ് ജസ്റ്റിസ് വിശദീകരിക്കുകയുണ്ടായി. അദ്ദേഹം പ്രസ്താവനകളിൽ സംയമനം പാലിക്കണമെന്ന് വി.എച്ച്.പി ആവശ്യപ്പെട്ടു. ബി.ആർ. ഗവായ് യുടെ പിതാവ് രാമകൃഷ്ണ എസ്. ഗവായ് അമരാവതിയിൽ നിന്നുള്ള ലോക്സഭ എം.പിയായിരുന്നു.
2008 മുതൽ 2011 വരെ കേരള ഗവർണർ ആയും അദ്ദേഹം സേവനമനുഷ്ഠിച്ചു. 2006 മുതൽ 2008 വരെ സിക്കിമിന്റെയും ബിഹാറിന്റെയും അധിക ചുമതലയും വഹിച്ചു. 1956 ൽ ഡോ. ബി.ആർ. അംബേദ്കർ ബുദ്ധമതം സ്വീകരിച്ച നാഗ്പൂർ ജില്ലയിലെ ദീക്ഷഭൂമിയിൽ അദ്ദേഹം അംബേദ്കർ സ്മാരകം സ്ഥാപിച്ചു. 1981ൽ ആർ.എസ്.എസിന്റെ ഒരു പരിപാടിയിലേക്കുള്ള ക്ഷണവും അദ്ദേഹം സ്വീകരിക്കുകയുണ്ടായി. തന്റെ ഭർത്താവ് ആർ.എസ്.എസിന്റെ പരിപാടിയിൽ പങ്കെടുത്തതായിരിക്കാം കമൽതായ് ക്ഷണം സ്വീകരിക്കാനുള്ള കാരണമെന്നും കരുതുന്നു. ആർ.എസ്.എസിനെ നിശിതമായി വിമർശിക്കുന്ന കമൽതായിയുടെ പേരിലുള്ള കത്ത് അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ആ കത്ത് കമൽതായ് എഴുതിയതല്ലെന്ന് അവരുടെ പേഴ്സനൽ അസിസ്റ്റന്റ് നിഷേധിക്കുകയുണ്ടായി.
ആർ.എസ്.എസിന്റെ വിജയദശമി പരിപാടിയിലേക്ക് ക്ഷണം ലഭിച്ചതായി നേരത്തേ കോൺഗ്രസ് നേതാവ് നിതിൻ റാവുത്തും അവകാശപ്പെട്ടിരുന്നു. അവരുടെ പ്രത്യയശാസ്ത്രവുമായി യോജിക്കാത്തതിനാൽ ക്ഷണം നിരസിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

